
ചിറ്റൂർ: കഴിഞ്ഞ ദിവസം കുളിമുറിത്തൊട്ടിയിലെ വെള്ളത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. കണക്കമ്പാറ ഇന്ദിരാ നഗറിൽ ശരവണൻ -ലിനി ദമ്പതികളുടെ 14 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ കുളിമുറിയിൽ തൊട്ടിയിലെ വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്നതായി കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും ചിറ്റൂർ സി.ഐ ജെ.മാത്യു പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ കാണനില്ലെന്ന് കുഞ്ഞിന്റെ അമ്മ ലിനി അയൽ വീട്ടിലെ കുട്ടികളെ അറിയിക്കുകയായിരുന്നു. ഇത് കേട്ട് ഓടിയെത്തിയ പെൺകുട്ടികൾ നടത്തിയ തെരച്ചിലിൽ കുളിമുറിയിൽ വെള്ളം നിറച്ച തൊട്ടിയിൽ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടു. വെള്ളത്തിൽ നിന്നും കുഞ്ഞിനെ എടുത്ത് പ്രാഥമിക ശുശ്രൂഷ നൽകിയതോടെ കുട്ടി കരഞ്ഞു. തുടർന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെ പ്രാഥമിക ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് വിളയോടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇപ്പോൾ കുഞ്ഞ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ്. കുഞ്ഞ് മുലപ്പാൽ കുടിച്ചു തുടങ്ങിയതായും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു.
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ ലഭിച്ചില്ലെന്ന്
നവജാത ശിശുവിനെ ചിറ്റൂർ താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തിച്ചപ്പോൾ പ്രാഥമിക പരിശോധന പോലും നടത്താതെ തിരിച്ചയച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ആശുപത്രിയിലെത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്റെ നേതൃത്വത്തിലെത്തിലാണ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തി പ്രതിഷേധിച്ചത്.
കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ നൽകുന്നതിനു പകരം ജില്ല ആശുപത്രിയിലോ മറ്റേതെങ്കിലും സ്വകാര്യ ആശുപത്രികളിലെ ശിശുരോഗ വിദഗ്ദനെയോ കാണിക്കാനാണ് നിർദേശിച്ചത്. ഇതോടെ ഇവർ കുട്ടിയെയും കൊണ്ട് വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തി പ്രാഥമിക ചികിത്സ നടത്തേണ്ടി വന്നു. ഇതിനു ശേഷമാണ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് തുടർച്ചയായി ഗുരുതര വീഴ്ച്ചകളാണുണ്ടാവുന്നതെന്ന് സുമേഷ് അച്യുതൻ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മുരളി തറക്കളം, അബ്ദുൾ കലാം, ചിറ്റൂർ നഗരസഭ യു.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ ആർ.കിഷോർ കുമാർ, ജെ.അബ്ദുൽ ഖനി, മുരുകൻ,രവീന്ദ്രൻ, പപ്പൻ വിളയോടി, ശബരീഷ് എന്നിവർ നേതൃത്വം നൽകി.