വർക്കല: വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ തീർത്ഥാടകർ ഇറങ്ങി തീരുന്നതിന് മുമ്പ് ട്രെയിൻ മുന്നോട്ടെടുത്തതായി പരാതി. യാത്രക്കാർ ചെയിൻ വലിച്ചതിനാൽ അപകടം ഒഴിവായി. ഇന്നലെ രാവിലെ 10.30നുള്ള ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസ് ട്രെയിനിലെത്തിയ തീർത്ഥാടകരാണ് മറ്റ് യാത്രക്കാരുടെ സമയോചിത ഇടപെടൽ കാരണം രക്ഷപ്പെട്ടത്.
ഒരു മിനിട്ട് മാത്രമാണ് സ്റ്റേഷനിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. തിങ്ങി നിറഞ്ഞെത്തിയ തീർത്ഥാടകർ ഇറങ്ങി തീരുന്നതിന് മുന്നേ ഗ്രീൻ സിഗ്നൽ ലഭിച്ച് ട്രെയിൻ മുന്നോടെടുക്കുകയായിരുന്നെന്ന് യാത്രക്കാർ പറയുന്നു. വൃദ്ധർ ഉൾപ്പെടെ നിരവധി തീർത്ഥാടകർ വാതിലിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഗുരുതര സുരക്ഷാ വീഴ്ച അപലപനീയമാണെന്നും വീഴ്ച പരിശോധിച്ച് അധികൃതർ നടപടി സ്വീകരിക്കണമെന്നും വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബ്രഹ്മാസ് മോഹനൻ ആവശ്യപ്പെട്ടു. തീർത്ഥാടന ദിനങ്ങളിൽ അഞ്ച് മിനിട്ടെങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.