
തിരൂർ: താനാളൂർ സ്വദേശിയായ യുവാവിനെ ആലത്തിയൂരിൽ വച്ച് തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയിൽ ചെയ്തു മൊബൈൽ ഫോൺ കവരുകയും മർദ്ദിക്കുകയും ചെയ്ത മൂന്നു പേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ വാക്കാട് സ്വദേശി വെട്ടു കാസിം എന്നറിയപ്പെടുന്ന കുറിയന്റെ പുരക്കൽ കാസിം(37), ആലത്തിയൂർ സ്വദേശികളായ കറുത്തേടത്ത് പടി രതീഷ്(32), മൂത്തേടത്ത് പടി ബിബീഷ്(30) എന്നിവരെയാണ് വെള്ളിയാഴ്ച പുലർച്ചെ ആലത്തൂരിൽ വച്ച് പൊലീസ് പിടികൂടിയത്. യുവാവിനെ കത്തികൊണ്ട് ദേഹോപദ്രവം ഏൽപ്പിച്ചു മൊബൈൽ ഫോൺ കൈക്കലാക്കി ബ്ലാക്ക് മെയിൽ ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. യുവാവ് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വാഹനനമ്പർ വഴിയാണ് പ്രതികളെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ കാസിം. തിരൂർ സി.ഐ എം.ജെ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ്. എൻ.സി.പി.ഓമാരായ രാജേഷ്, വിവേക്, രതീഷ് കുമാർ, ധനീഷ് കുമാർ, ഡിന്റു, സതീഷ് കുമാർ, ആദർശ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.