crime-

പരപ്പനങ്ങാടി :അരിയല്ലൂരിലെ ഫേമസ് ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ 19കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടലുണ്ടി നഗരം ബാങ്ക് പടിയിൽ താമസിക്കുന്ന കണ്ണാടത്ത് വീട്ടിൽ ഉമർ മുക്താറിനെയാണ് (19) അറസ്റ്റ് ചെയ്തത് .

ബേക്കറിയുടെ പൂട്ടുപൊളിച്ച് അകത്തു കയറിയ പ്രതി സിസി ടിവി ക്യാമറകൾ തിരിച്ചുവച്ച് പണവും മറ്റു ചോക്ലേറ്റ് ഉത്പന്നങ്ങളും കവരുകയായിരുന്നു. ഈ വർഷം തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കളവുകേസിലും പ്രതിയാണ് .

അസമയത്ത് സംശയാസ്പദമായി റോഡരികിൽ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് കവർച്ചയെപ്പറ്റി മൊഴി ലഭിച്ചത്. പരപ്പനങ്ങാടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ ആർ. അരുൺ, യു.ജയദേവൻ,​ സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ,​ സിവിൽ പൊലീസ് ഓഫീസർമാരായ മുജീബ്റഹ്മാൻ, രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു