
തിരുവനന്തപുരം: ഗണേശ് കുമാർ ഗതാഗത മന്ത്രിയായതോടെ വിവാദ എ.ഐ ക്യാമറ പദ്ധതിക്ക് മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള അന്തിമ കരാറിന് അംഗീകാരം വേഗത്തിലായേക്കും.
കരാർ നടപ്പാക്കുന്നത് മുൻ മന്ത്രി ആന്റണി രാജു വൈകിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ബന്ധുവിലേക്കു വരെ എത്തിയ അഴിമതി ആരോപണം തന്റെ നേരെ വരുന്നത് ഒഴിവാക്കാനായിരുന്നു അത്. ഹൈക്കോടതിയിലെ കേസിന്റെ വിധി വന്ന ശേഷം കരാർ നടപ്പാക്കാമെന്ന നിലപാടിലായിരുന്നു. അന്തിമ വിധി വന്നിട്ടില്ല.
പദ്ധതിയുടെ ആദ്യ ഗഡുവായ 11.79 കോടി രൂപ കെൽട്രോണിനു നൽകാൻ നവംബർ 18ന് ഹൈക്കോടതി അനുമതി നൽകിയെങ്കിലും തുക കൈമാറിയിട്ടില്ല. രണ്ടാമത്തെ ഗഡുവിന്റെ സമയവും ആയെന്ന് കെൽട്രോൺ കത്തയച്ചെങ്കിലും ഫയൽ നീങ്ങിയില്ല.
ജൂൺ അഞ്ചിനാണ് സംസ്ഥാനത്താകെ 726 ക്യാമറകൾ സ്ഥാപിച്ചത്.
ക്യാമറ പ്രവർത്തിച്ചില്ലെങ്കിൽ പിഴ വരുമാനം കുറയും. ക്യാമറ നിശ്ചിത ദിവസങ്ങൾക്കകം നന്നാക്കിയില്ലെങ്കിൽ ദിവസം ആയിരം രൂപ വീതം കെൽട്രോണിനുള്ള തുകയിൽ നിന്ന് കുറയ്ക്കണമെന്നാണ് കരട് കരാറിലെ വ്യവസ്ഥ. ഇത് കെൽട്രോൺ അംഗീകരിച്ചിട്ടില്ല. കൂടുതൽ ചർച്ചയ്ക്കു ശേഷം ഇത് മാറ്റിയേക്കും.
പണം കിട്ടിയില്ല, ചെല്ലാൻ കുറഞ്ഞു
ക്യാമറകൾ പ്രവർത്തിപ്പിക്കുന്നതിന് കെൽട്രോണിന് പണം കിട്ടാതെ വന്നതോടെ വാഹന നിയമലംഘനങ്ങൾക്ക് ചല്ലാൻ അയയ്ക്കുന്ന പ്രവർത്തനങ്ങൾ അവതാളത്തിലായി. ഇതുവരെ 34 ലക്ഷം ചല്ലാനുകൾ ജനറേറേറ്റ് ചെയ്തു. 16 ലക്ഷം ചല്ലാൻ തപാലിൽ അയച്ചു.
പദ്ധതി നടത്തിപ്പിന് കെൽട്രോണിന് മാസ ചെലവ് ഒരു കോടി രൂപ
ഒരു ചെല്ലാൻ അയയ്ക്കാൻ 20 രൂപ.
നവംബർ പകുതി വരെ ചെല്ലാനുകൾ അയച്ചു
പണമില്ലാത്തിനാൽ ചെല്ലാൻ അയയ്ക്കുന്നത് കുറച്ചു
മുൻപ് 33,000 ചെല്ലാനുകൾ അയച്ചിരുന്നു. ഇപ്പോൾ 10,000ൽ താഴെ
വൈദ്യുതി, ക്യാമറ കണക്ടിവിറ്റി, ഇന്റർനെറ്റ് ചാർജുകൾ കെൽട്രോൺ ഫണ്ടിൽ നിന്നാണ് കൊടുക്കുന്നത്.
145 കരാർ ജീവനക്കാരുടെ ശമ്പളവും കൊടുക്കണം.