ramesh

ശിവഗിരി : ഗുരുവിന്റേത് മഹത് വചനങ്ങളാണെന്നും,മോശം സംഭാഷണങ്ങളാൽ സമൂഹത്തിൽ മാലിന്യം വിതറുന്ന വർത്തമാന കാലത്തെ പൊതുപ്രവർത്തകർ ഗുരുവിനെ മാതൃകയാക്കണമെന്നും രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിൻെറ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്കുകൾ കലഹത്തിന് കാരണമാകരുതെന്നും അത് യോജിപ്പിനുള്ളതാണെന്നും ഗുരു ഉപദേശിച്ചു.നിശബ്ദവും അക്രമരഹിതവുമായ സാമൂ ഹ്യവിപ്ലവമായിരുന്നു ഗുരു വിഭാവനം ചെയ്തത്. കടുത്ത ക്ഷോഭം ഉണ്ടാകുമ്പോഴും നർമ്മ സ്പർശിയായ വാക്കുകൾ കൊണ്ടും നർമ്മ സംഭാഷണങ്ങൾ കൊണ്ടും ഗുരു എതിരാളികളെ നിഷ്പ്രഭമാക്കി.

മറ്റു ഋഷിമാരെ പോലെ ശ്രീനാരായണ ഗുരുദേവൻ ഗുഹകളിലല്ല മറിച്ച് ജനങ്ങൾക്കിടയിൽ അവരുട ഹൃദയങ്ങളിലാണ് ജീവിച്ചത്. അത് കൊണ്ടാണ് ആദ്ധ്യാത്മികതയും ഭൗതികയും ഒരുമിപ്പിച്ച് കൊണ്ടുപോകാൻ സാധിച്ചത്. ഭ്രാന്താലയമെന്ന് പേരുകേട്ട കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ചത് ഗുരുദേവനും ചട്ടമ്പിസ്വാമികളും ഉൾപ്പെടെയുള്ളവരാണ്. ആ പ്രബുദ്ധത കാത്തുസൂക്ഷിക്കാൻ വേണ്ട തുടർപ്രവർത്തനങ്ങൾ സമൂഹത്തിലുണ്ടാകണം .ഗുരുവിനെയും ബുദ്ധനെയും പറ്റി പഠിക്കുമ്പോൾ സാമ്യങ്ങൾ നിരവധിയുണ്ട്. ശിവഗിരി തീർത്ഥാടനം മതേതരമായ തീർത്ഥാടനമാണ്. ഇന്ത്യൻ മനസിൻെറ മതേതര കാഴ്ചപ്പാടിനെ ഹനിക്കാൻ ഒരു ശക്തിയെയും അനുവദിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.