മണ്ണുത്തി: കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലെ ഭൂമി തട്ടിയെടുക്കുക എന്ന വെറ്ററിനറി സർവകലാശാലയുടെ ശ്രമത്തിനു പിന്നിൽ വെറ്ററിനറിയിലെ ഉന്നതോദ്യോഗസ്ഥ ലോബിയാണെന്ന് കെ.എ.യു ലേബർ അസോസിയേഷൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി സി.വി. പൗലോസ് പറഞ്ഞു. കാർഷിക സർവകലാശാലയുടെ ഭൂമി വിട്ടുകൊടുക്കാനാവില്ല എന്ന ആവശ്യവുമായി തൊഴിലാളികൾ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെറ്ററിനറി സർവകലാശാലയുടെ ആസ്ഥാനമായ വയനാട്ടിൽ ജോലി ചെയ്യാൻ മടിയുള്ള അവിടത്തെ ഉന്നതോദ്യോഗസ്ഥർക്ക് തൃശൂർ മണ്ണുത്തിയിലേക്ക് ചേക്കേറുന്നതിനുള്ള ഉപാധി മാത്രമാണ് ഈ സ്ഥലം ആവശ്യപ്പെടൽ. 2011ൽ കാർഷിക സർവകലാശാല വിഭജിച്ച് വെറ്റിനറി സർവകലാശാല രൂപീകരിക്കുമ്പോൾ പുറത്തിറക്കിയ സർക്കാർ ഉത്തരവിൻ പ്രകാരം അനുവദിക്കപ്പെട്ട 20 കേന്ദ്രങ്ങളും കൈമാറിയിട്ടുള്ളതാണ്. എന്നിട്ടും നൂറിലേറെ കൊല്ലങ്ങൾക്ക് മുൻപ് രൂപീകൃതമായ കാർഷിക ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള ഭൂമിയും അനുബന്ധ കെട്ടിടങ്ങളുമാണ് 2011ൽ മാത്രം രൂപീകൃതമായ വെറ്ററിനറി സർവകലാശാല ആവശ്യപ്പെടുന്നത്. ഈ വിഷയത്തിൽ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങൾ ഇടപെടണമെന്നും കാർഷിക സർവകലാശാലയുടെ ഭൂമി കൈമാറാനുള്ള നീക്കം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു. ലേബർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഡി. രജിത അദ്ധ്യക്ഷയായി. ലേബർ അസോസിയേഷൻ നേതാക്കളായ കെ.എസ്. രഞ്ജു, പീറ്റർ മുക്തി പ്രസാദ് എന്നിവർ സംസാരിച്ചു.