
തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച കോൺഗ്രസ് നേതാക്കൾ അതിൽ പങ്കെടുക്കണോയെന്ന് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി. സംഘടനാപരമായ തിരക്കുകൾ കാരണമാണ് തീരുമാനം വൈകുന്നത്. കൃത്യമായ തീരുമാനമെടുത്ത് എല്ലാവരെയും അറിയിക്കും.
കേരളത്തിൽ കോൺഗ്രസിന്റെ ചുമതലയുള്ള അവർ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുത് എന്നത് സി.പി.ഐയുടെ അഭിപ്രായമാണ്. പാർട്ടിയുടെ സീറ്റിൽ ആര് മത്സരിക്കണമെന്ന് കോൺഗ്രസാണ് . ഇന്ത്യ സഖ്യത്തിലെ കക്ഷികൾ തമ്മിൽ മത്സരം പാടില്ലെങ്കിൽ എന്തുകൊണ്ട് സി.പി.ഐ രാഹുലിനെ പിന്തുണയ്ക്കുന്നില്ലെന്നും അവർ ചോദിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ.പി.സി.സി എക്‌സിക്യൂട്ടീവിൽ ചർച്ച ചെയ്തു. സംസ്ഥാനത്തെ 20 സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തണം. ഒറ്റക്കെട്ടായി പോരാടുക എന്നതാണ് ജയത്തിനുള്ള മൂലമന്ത്രം.
കേരളത്തിൽ പാർട്ടിക്ക് സംഘടനാ സംവിധാനമുണ്ട്. തെലുങ്കാനയിൽ അതുണ്ടായിരുന്നില്ലെങ്കിലും ഒരു ടീമായി പ്രവർത്തിച്ചാണ് വിജയം നേടിയത്. മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം സുധീരൻ നടത്തിയ വിമർശനങ്ങളെപ്പറ്റി ചോദിച്ചപ്പോൾ, അദ്ദേഹം വിമർശനം നടത്തിയ ശേഷം ഇറങ്ങിപ്പോയെന്നും അതിനുശേഷം രണ്ട് മണിക്കൂർ കൂടി യോഗം തുടർന്നുവെന്നും അവർ വ്യക്തമാക്കി.
എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ, കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ, ടി.യു രാധാകൃഷ്ണൻ, ആലിപ്പറ്റ ജമീല, ദീപ്തി മേരി വർഗീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കോൺഗ്രസിന്റെ സമരാഗ്നിജാഥ
ജനു.21ന്കാസർകോട്ട് തുടങ്ങും
#140 മണ്ഡലങ്ങളിലും പര്യടനം
തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംയുക്തമായി നയിക്കുന്ന 'സമരാഗ്നി' എന്ന പേരിലുള്ള സംസ്ഥാനതല ജാഥ ജനുവരി 21ന് കാസർകോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് സമാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും.
ജനുവരി 3,4,5 തീയതികളിൽ ജില്ലാതല നേതൃയോഗങ്ങൾ സംഘടിപ്പിക്കും. തിരഞ്ഞെടുപ്പിന്ലോക് സഭാ മണ്ഡലാടിസ്ഥാനത്തിൽ 20 വാർ റൂമുകൾ തുറക്കും. കെ.പി.സി.സിയിൽ കേന്ദ്രീകൃത വാർ റൂമും പ്രവർത്തിക്കും. ഇന്നലെ നടന്ന കെ.പി.സി.സി എക്സിക്യൂട്ടീവിലാണ് തീരുമാനമെടുത്തത്.
ഇടുക്കിയിലെ ജനങ്ങൾക്ക് പ്രയോജനകരമായ ഭൂപതിവ് നിയമഭേദഗതി എത്രയും വേഗം നടപ്പാക്കണം. റബറിന് 250 രൂപ വില ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരമേറ്റവർ അതേക്കുറിച്ച് മിണ്ടുന്നില്ല. സാമൂഹ്യ ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും മുടങ്ങി. അവ നൽകിയില്ലെങ്കിൽസമരങ്ങൾക്ക് രൂപം നൽകും.
എ.ഐ.സി.സിയുടെ ധനശേഖരണാർത്ഥമുള്ള 'രാജ്യത്തിനായി സംഭാവന ചെയ്യുക'എന്ന പദ്ധതിയിൽ എല്ലാവരും പങ്കാളികളാകണമെന്ന് കെ.പി.സി.സി യോഗം അഭ്യർത്ഥിച്ചു.