തിരുവനന്തപുരം: സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന 13 കാരിയെ തടഞ്ഞുനിറുത്തി ഉപദ്രവിച്ചയാൾക്ക് 7 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ 5മാസം അധിക തടവുമുണ്ട്. പോക്‌സോ കോടതി ജഡ്ജി ആർ. രേഖയാണ് വട്ടപ്പാറ ചിറ്റാഴ മുല്ലക്കരക്കോണം സ്വദേശി രാജേഷ് രാജനെ (30) ശിക്ഷിച്ചത്. 2022 നവംബർ 25 ന് വൈകിട്ട് മുന്നിനാരുന്നു സംഭവം. മരുതൂർ ഭാഗത്ത് വച്ചാണ് സ്‌കൂള്‍ വിട്ട് വന്ന വിദ്യാർത്ഥിനിയെ ആക്രമിക്കാൻ ശ്രമിച്ചത്. ആദ്യം പ്രതി കുട്ടിയുടെ പിറകെ നടന്ന് അശ്ലീലം പറഞ്ഞു. കുട്ടി സമീപത്തെ ഒരു വീട്ടിൽ അഭയം തേടി. പ്രതി പോയിക്കാണുമെന്ന് കരുതി ആ വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയപ്പോൾ പ്രതി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി വന്നപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. അന്ന് തന്നെ വട്ടപ്പാറ വച്ച് മറ്റൊരു സ്ത്രീയെയും കടന്നു പിടിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായപ്പോഴാണ് പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സപെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി.