കൊടുങ്ങല്ലുർ: തീരദേശത്ത് വീണ്ടും സിന്തറ്റിക് മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിൽ. മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊരിബസാർ പടിഞ്ഞാറ് വാടകയ്ക്ക് താമസിക്കുന്ന അഞ്ചങ്ങാടി പുലാക്കപറമ്പിൽ ലാൽകൃഷ്ണ എന്ന ലാലു (27) ആണ് അറസ്റ്റിലായത്. 6.60 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. പൊരിബസാറിൽ പ്രവർത്തിച്ചു വരുന്ന കമ്പനിയിലെ ജീവനക്കാർക്ക് ഉടമ എടുത്ത് നൽകിയ വാടക കെട്ടിടത്തിന്റെ മറവിലാണ് മയക്കുമരുന്ന് കച്ചവടം നടത്തി വന്നിരുന്നത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിക്ക് ലഭിച്ച തീരദേശ മേഖലയിൽ മയക്കുമരുന്നിന്റെ ഉപയോഗവും വിൽപനയും വർദ്ധിച്ചു വരുന്നുവെന്ന പരാതിയെത്തുടർന്ന് പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് യുവാവ് പിടിയിലായത്. പ്രതിക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടവും പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തിയവരുടെയും വിശദ വിവരങ്ങൾക്ക് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഡിവൈ.എസ്.പി: സലിഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബസന്ത്, പി.സി. സുനിൽ, സി.ആർ. പ്രദീപ്, സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ: മുഹമ്മദ് അഷറഫ്, എസ്.സി.പി.ഒമാരായ ലിജു ഇയ്യാനി, സുമേഷ്, ബിജു, എം.വി. മാനുവൽ, സി.പി.ഒ നിഷാന്ത് എന്നിവർ ചേർന്ന് പിടികൂടിയത്.