ആര്യനാട്: ബസുകളുടെ കുറവുകാരണം ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. കൊവിഡ് കാലത്തിന് മുൻപ് 42 ഷെഡ്യൂളുകൾ ആര്യനാട് നിന്നും സർവീസ് നടത്തിയിരുന്നതിപ്പോൾ 25ൽ താഴെ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്.
ചീഫ് ഓഫീസ് രേഖകളിൽ 33 ബസുകളുള്ള ഡിപ്പോയാണ് ആര്യനാട്. എന്നാൽ നെടുമങ്ങാട്,കാട്ടാക്കട,പമ്പ സർവീസുകൾക്കായി ബസ് നൽകിയിരിക്കുന്നത് മൂലം ആര്യനാട്ട് ബസുകളുടെ എണ്ണത്തിൽ കുറവുണ്ടായത് പല ട്രിപ്പുകളും റദ്ദാക്കുന്നതിന് കാരണമായിട്ടുണ്ട്. ബസുകൾ വെട്ടിക്കുറയ്ക്കുന്നതോടെ മലയോരമേഖലകളിലെ യാത്രക്കാരും വിദ്യാർത്ഥികളും ഏറെ ദുരിതത്തിലാകും. ആകെയുള്ള 33 ബസുകളിൽ അറ്റകുറ്റപ്പണികൾക്കും സി.എഫ്. വർക്കുകൾക്കുമായി 5 ബസുകളാണ് ഒതുക്കിയിട്ടിരിക്കുന്നത്. 4.75 ലക്ഷം രൂപയോളം പ്രതിദിനം കളക്ഷനുണ്ടായിരുന്ന ഇവിടെയിപ്പോൾ നാല് ലക്ഷത്തിൽ താഴെ മാത്രമാണ് വരുമാനം. 3 ഫാസ്റ്റ് ബസുകൾ,ഒരു സൂപ്പർ ഫാസ്റ്റ്,രണ്ട് സിറ്റി സർവീസുകൾ,19 ഓർഡിനറി സർവീസുകൾ എന്നിങ്ങനെയാണ് ആര്യനാടിലെ ഷെഡ്യൂൾ. മൂന്ന് ഫാസ്റ്റുകളുണ്ടായിരുന്ന ആര്യനാട് ഡിപ്പോയിലിപ്പോൾ ഒരു ഫാസ്റ്റ് മാത്രമാണുള്ളത്. കാലഹരണപ്പെട്ട ആർ.എസ്.എം 662 നമ്പർ ബസ് കഴിഞ്ഞ 17 ദിവസമായി പേരൂർക്കട ഡി.സി.പിയിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയി. പലപ്പോഴും ബസുകൾ പണിതീരാതെ തിരിച്ച് നൽകുന്നത് വീണ്ടും ബസുകൾ വഴിയിലാകുന്നതിന് കാരണമാകുന്നു. ദിനംപ്രതി 25,000 രൂപയിലധികം പ്രതിദിനം കളക്ഷൻ ഫാസ്റ്റ് ബസുകളിൽ നിന്നും ലഭിക്കും. എന്നാൽ ഫാസ്റ്റിന് നൽകുന്ന ബസുകൾ ഓർഡിനറിയേക്കാൾ മോശമായ ബസുകളാണെന്ന് ഡ്രൈവർമാർക്കും പരാതിയുണ്ട്. ജനുവരി മാസമായാൽ ഏഴ് ബസുകൾ കൂടി സി.എഫ് വർക്കുകൾക്ക് വേണ്ടി മാറ്റുന്നതോടെ ആര്യനാട് ഡിപ്പോയിലെ സർവീസുകൾ വീണ്ടും താളം തെറ്റാനാണ് സാദ്ധ്യത.