തിരുവനന്തപുരം: പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരുന്ന പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയായ 50കാരന് 4വർഷം കഠിനതടവും 10,000രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ 4മാസം അധിക തടവുമുണ്ട്. പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആർ. രേഖയാണ് കരകുളം വേങ്കോട് സ്വദേശി അഷറഫിനെ(50) ശിക്ഷിച്ചത്. 2021 ഏപ്രിൽ 21 ന് രാത്രി 10നായിരുന്നു സംഭവം . പെൺകുട്ടി വീടിന് പുറത്തെ ടോയ്‌ലറ്റിൽ പോയി തിരികെ വന്നപ്പോഴാണ് ഒളിച്ചിരുന്ന പ്രതി പീഡനത്തിന് ശ്രമിച്ചത്. നിലവിളി കേട്ട് വീട്ടുകാർ എഴുന്നേറ്റപ്പോൾ പ്രതി ഓടി മറഞ്ഞു. വിചാരണയ്ക്കിടെ മൊഴി മാറ്റാൻ പ്രേരിപ്പിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് പൊലീസ് പ്രതിക്കെതിരെ മറ്റൊരു കേസെടുത്തിരുന്നു. സപെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ, ആർ. വൈ. അഖിലേഷ് എന്നിവർ ഹാജരായി.