1

ശംഖുംമുഖം: വിനോദസഞ്ചാരികൾക്ക് ഉല്ലസിക്കാനും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി ശംഖുംമുഖം ബീച്ചിനോട് ചേർന്ന് ആധുനിക സൗകര്യങ്ങളോടെ കോടികൾ മുടക്കി നിർമ്മിച്ച സുനാമി പാർക്ക് ഇന്ന് മാലിന്യനിക്ഷേപ കേന്ദ്രം. ബീച്ചിലെത്തുന്ന സഞ്ചാരികൾ തീരത്ത് ഉപേക്ഷിക്കുന്ന മാലിന്യമാണ് ചാക്കിൽ കെട്ടി ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യങ്ങൾ ദിനം പ്രതി മാറ്റേണ്ടത് നഗരസഭ തിരിഞ്ഞുനോക്കാറില്ലെന്നാണ് ആക്ഷേപം. മാസങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ചീഞ്ഞുനാറി ദുർഗന്ധം വമിക്കുകയാണ്.

സുനാമി പാർക്ക്

ടൂറിസം വകുപ്പ് 2008ൽ സുനാമി പുനരധിവാസ പദ്ധതിപ്രകാരം 2.5 കോടി സുനാമി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം തുടങ്ങി 2010ൽ പണി തീർത്ത പാർക്കാണിത്. റെസ്റ്റോറന്റ് ആരംഭിക്കാനുള്ള കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള വമ്പൻ സംവിധാനങ്ങളും പവലിയനുകളുമൊരുക്കി പാർക്ക് പൂർത്തികരിച്ചെങ്കിലും അന്ന് നഗരസഭയും ഡി.ടി.പി.സിയും തമ്മിലുള്ള തർക്കം കാരണം ഉദ്ഘാടനം നിലച്ചു. കോടികൾ മുടക്കിയ കെട്ടിടങ്ങൾ ഇന്ന് സാമൂഹിക വിരുദ്ധരുടെ താവളമാണ്. നിലവിൽ പാർക്കിൽ പകൽ സമയത്ത് ഡ്രൈവിംഗ് സ്‌കുളുകാർക്ക് പരീശിലനത്തിനായി നൽകുന്നു.

റെസ്റ്റോറന്റ് പ്രവർത്തിക്കാൻ നഗരസഭയിൽ നിന്ന് കെട്ടിട നമ്പർ ലഭിക്കാത്തതാണ് ഈ അവസ്ഥയ്‌ക്ക് കാരണം. 2008ൽ പാർക്കിന്റെയും റെസ്റ്റോറന്റിന്റെയും നിർമ്മാണം തുടങ്ങുമ്പോൾ കെട്ടിട നിർമ്മാണ അനുമതി വാങ്ങിയിരുന്നില്ല. അതാണ് നഗരസഭയിലെ റവന്യു വിഭാഗം പിന്നിട് സാങ്കേതിക കുരുക്കായി ഉന്നയിച്ചത്. 2014 നവംബറിൽ ഏകകണ്ഠമായി തീരുമാനമെടുത്ത് ടി.സി നമ്പർ അനുവദിക്കാൻ കളക്ടർ നേരിട്ട് ഇടപെട്ടെങ്കിലും നഗരസഭയിലെ റവന്യു വിഭാഗം അനങ്ങിയില്ല.