
ശിവഗിരി: സർവകലാശാലകൾക്ക് മുന്നിൽ ബാനർ കെട്ടുന്നത് വാക് ശുദ്ധിയില്ലാത്തതു മൂലമാണെന്ന് ആരോഗ്യ, കേരള സർവകലാശാലകളുടെ വൈസ് ചാൻസലർ മോഹൻ കുന്നുമ്മേൽ പറഞ്ഞു.
പഞ്ചശുദ്ധിയെക്കുറിച്ച് ആദ്യം പറഞ്ഞത് ശ്രീനാരായണ ഗുരുദേവനാണ്. അതിൽ പ്രധാനമാണ് വാക് ശുദ്ധി. അത് പറച്ചിലിൽ മാത്രമല്ല, എഴുത്തിലും പുലർത്തേണ്ടതാണെന്നും അദ്ദേഹം വിശദമാക്കി.ശിവഗിരി തീർത്ഥാനടത്തോടനുബന്ധിച്ച് ശുചിത്വം, ആരോഗ്യം ,വിദ്യാഭ്യാസം എന്നീ വിഷയങ്ങളെ അധീകരിച്ചുള്ള സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു വി.സി.
വിജ്ഞാനം ഉത്പാദിപ്പിക്കുകയും വ്യാപനം ചെയ്യുകയും ചെയ്യുന്ന സ്ഥലമാണ് സർവകലാശാലകൾ. വളരെ കുറച്ചു പേർക്കു മാത്രമാണ് സർവകലാശാലകളിൽ പഠിക്കാൻ സാധിക്കുക. അവരാവട്ടെ സാധാരണക്കാരിൽ നിന്നും അകന്നുപോകുന്നു. ലോകത്തെ ഏറ്റവും വലിയ സമ്പന്നനെക്കാൾ വലിയവൻ ഏറ്റവുമധികം വിജ്ഞാനമുള്ളവനാണ്. അറിവുണ്ടെങ്കിൽ ചെറിയ ഇടപെടലുകളിലൂടെ ലക്ഷക്കണക്കിന് ആൾക്കാരുടെ ജീവൻ രക്ഷിക്കാനാവും. ഗുരുദേവൻ പറഞ്ഞ ശുചിത്വത്തിന്റെ പ്രസക്തി ഇവിടെയാണ്. കാലികമായ കാര്യങ്ങളാണ് ഗുരുദേവൻ പറഞ്ഞിട്ടുള്ളതെന്ന.ഉം
അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു.ഐ.ജി.പി വിജയൻ , ഡോ.ഷാജി പ്രഭാകരൻ, ഡോ.എസ്.എസ്.ലാൽ, ഡോ.ബിനോയ് എസ്. ബാബു, ഡോ.ഷഹ്നാസ് അബ്ദുൾ റഹിം എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സ്വാമി സുരേശ്വരാനന്ദ സ്വാഗതവും ഷാജി എസ്.നന്ദിയും പറഞ്ഞു.