
ശിവഗിരി : ശാസ്ത്രമെന്നാൽ സത്യമാണെന്നും ശാസ്ത്രലോകത്തിന് ഗുരുദേവൻ നൽകിയ വലിയ സംഭാവനയാണ് മാനവിക ശാസ്ത്രമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാങ്കേതിക ശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒൻപത് ദശാബ്ദങ്ങൾക്ക് മുമ്പ് ശാസ്ത്രബോധമുള്ള തലമുറ വളർന്നുവരണമെന്ന് ഗുരു പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയിലെ വളർച്ച മനുഷ്യൻെറ പുരോഗതിക്ക്
കാരണമാകുമെന്ന് ഗുരു മുൻകൂട്ടി കണ്ടു. ശാസ്ത്ര സാങ്കേതിക രംഗം സ്‌ഫോടനാത്മകമായ മാറ്റത്തിന് വിധേയമാകുമെന്നത്ത് ഗുരു അന്നേ തിരിച്ചറിഞ്ഞിരുന്നു. 20 വർഷത്തിനുള്ളിൽ സമൂഹം പേപ്പർ രഹിതമാകും. മനുഷ്യ സാദ്ധ്യമായ 95ശതമാനം കാര്യങ്ങളും ചെയ്യാൻ കഴിയുംവിധമുള്ള നിർമ്മിത ബുദ്ധി ഇന്ന് ലോകത്ത് വളർന്നുകൊണ്ടിരിക്കകയാണെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സ്‌ട്രോക്ക് കേസുകളെ എങ്ങനെ പ്രതിരോധിക്കാം
എന്നതിനെ കുറിച്ച് ശ്രീചിത്രയിലെ ന്യൂറോളജി വിഭാഗം പ്രൊഫസർ ഡോ.ശൈലജ.പി.എൻ സംസാരിച്ചു. ആധുനിക സാങ്കേതിക വിദ്യയ്‌ക്കൊപ്പം പെരുകുന്ന സൈബർ തട്ടിപ്പുകളിൽ വീഴാതിരിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ സൈബർ ഓപ്പറേഷൻസ് എസ്.പി ഹരിശങ്കർ പങ്കു വച്ചു. വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിനുള്ള പോംവഴികൾ അനെർട്ട് മുൻ ഡയറക്ടർ ഡോ.എം.ജയരാജുവും ഹെൽത്ത് കെയർ ഐ.ടി മേഖലകളിലെ വെല്ലുവിളികളും അവസരങ്ങളും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് കോഴിക്കോട് പ്രൊഫസർ ഡോ.ശ്രീജിത്ത് ആലത്തൂരും വിശദീകരിച്ചു. സൈബർ - ഇമ്മ്യൂൺ ഡിജിറ്റൽ ഇന്ത്യയെ കെട്ടിപ്പടുന്നതിലെ വെല്ലുവിളികളും പരിഹാരങ്ങളുമെന്ന വിഷയത്തിൽ സെൻറർ ഫോർ ഡവലപ‌്മെൻറ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിംഗിലെ ഡോ.ഡിറ്റിൻ ആൻഡ‌്രൂസും സംസാരിച്ചു. സ്വാമി ധർമ്മചൈതന്യ സ്വാഗതവും പഴഞ്ഞി ഗുരുപ്രഭാവാശ്രമം സെക്രട്ടറി സ്വാമി അമേയാനന്ദ നന്ദിയും പറഞ്ഞു.