
ആലുവ: ചാലക്കലിൽ അജ്ഞാതൻ വ്യാഴാഴ്ച അർദ്ധരാത്രി വീടിന് തീയിട്ടു. മുൻവശത്തെ വാതിൽ കത്തിയപ്പോഴേക്കും ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതിനാൽ കൂടുതൽ നാശനഷ്ടമുണ്ടായില്ല.
കുട്ടമശേരി സൂര്യനഗറിന് സമീപം കൊല്ലംകുടി വീട്ടിൽ നാരായണൻകുട്ടിയുടെ വീടിനാണ് തീയിട്ടത്. വീടിന്റെ മുൻവശത്തെ വാതിലും മരം പതിച്ച ഭിത്തിയുമുള്ള ഭാഗത്ത് പെട്രോളോ മറ്റോ ഒഴിച്ചശേഷം കത്തിക്കുകയായിരുന്നു. തീ ആളിപ്പടർന്ന് അകത്തേക്കും കത്തുപിടിച്ചു. ശബ്ദംകേട്ട് ഉറക്കമുണർന്ന വീട്ടുകാർ ഉടൻ വെള്ളമൊഴിച്ച് തീയണച്ചു. ആലുവ പൊലീസിനെയും അറിയിച്ചു.
സി.സി ടിവിയിൽ കത്തിക്കുന്ന ആളിന്റെ ദൃശ്യം പതിഞ്ഞെങ്കിലും വ്യക്തമല്ല. പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരത്തടി ശരീരത്തിൽവീണ് പരിക്കേറ്റ നാരായണൻകുട്ടി ഒരു മാസത്തോളമായി കിടപ്പിലാണ്. ഈ അവസരംകൂടി മനസിലാക്കിയാണ് അജ്ഞാതൻ വീടിന് തീയിട്ടതെന്ന് കരുതുന്നു.
പക്ഷികളും ചത്തു
ഇവിടെ കൂടുകൂട്ടിയിരുന്ന രണ്ട് പക്ഷികളും അഗ്നിക്കിരയായി. നാരായണൻകുട്ടിയുടെ വീടിന്റെ സിറ്റൗട്ടിൽ വാതിലിന് മുകളിലാണ് നാരുകളും മറ്റും ഉപയോഗിച്ച് പക്ഷികൾ കൂടുകൂട്ടിയിരുന്നത്. പക്ഷിസ്നേഹിയായ നാരായണൻകുട്ടി അവയെ പരിചരിക്കുകയായിരുന്നു. പെട്രോൾ ഒഴിച്ച് കത്തിച്ചപ്പോൾ തീ പൊടുന്നനെ ആളിപ്പടർന്നതിനാൽ കിളിക്കൂടും അഗ്നിക്കിരയാകുകയായിരുന്നു. ഇന്നലെ രാവിലെയാണ് സിറ്റൗട്ടിൽ കിളികളെ ചത്തുകിടക്കുന്ന നിലയിൽ കണ്ടത്.