
തിരുവനന്തപുരം: കെ.പി.സി.സി നേതൃത്വം പരാജയമെന്ന് കെ.പി.സി.സി എക്‌സിക്യുട്ടീവ് യോഗത്തിൽ തുറന്നടിച്ച് മുൻ പ്രസിഡന്റ് വി.എം.സുധീരൻ.
നേതാക്കൾ പ്രവർത്തിക്കുന്നത് പാർട്ടിക്കു വേണ്ടിയല്ല, അവരവർക്ക് വേണ്ടിയാണ്. പാർട്ടിയിൽ കൂടിയാലോചനകളില്ല. മുമ്പ് രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ അഞ്ച് ഗ്രൂപ്പുകളായി.2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെടാൻ സ്ഥാനാർത്ഥി നിർണയവും കാരണമായി. ഇത് വിവരിച്ച് താൻ സോണിയ ഗാന്ധിക്ക് നൽകിയ കത്തും സുധീരൻ യോഗത്തിൽ വായിച്ചു. കത്ത് നൽകിയിട്ടും ഒരു നടപടിയും ദേശീയ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് സുധീരൻ പറഞ്ഞു.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ ക്ഷണം ലഭിച്ച നേതാക്കൾ പങ്കെടുക്കുമോ എന്ന കാര്യത്തിൽ എക്‌സിക്യുട്ടീവിൽ തീരുമാനം അറിയിക്കണമെന്നും
സുധീരൻ ആവശ്യപ്പെട്ടു.വിഷയത്തിൽ ഉചിതമായ തീരുമാനം എ.ഐ.സി.സി നേതൃത്വം സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി വ്യക്തമാക്കി. അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന മുന്നറിയിപ്പും നൽകിയ അവർ ,ഇക്കാര്യത്തിലുള്ള കേരള നേതാക്കളുടെ പരസ്യ പ്രസ്താവനകൾ വിലക്കി.
യോഗത്തിൽ സംസ്ഥാനത്തെ കോൺഗ്രസിലെ പുന:സംഘടനയ്‌ക്കെതിരെയും വിമർശനങ്ങളുയർന്നു. മാനദണ്ഡങ്ങൾ പാലിച്ചല്ല പുന:സംഘടനയെന്നായിരുന്നു പ്രധാന വിമർശനം. നിരവധി പേരെ പുറത്ത് നിറുത്തുകയാണ്. എല്ലാവരെയും ഉൾക്കൊണ്ട് പോകണമെന്നും കെ.സി.ജോസഫ് പറഞ്ഞു. തന്റെ പാർലമെന്റ് മണ്ഡലത്തിലെ പുന:സംഘടനാ കാര്യങ്ങൾ തന്നോട് ആലോചിക്കാതെയാണ് നടപ്പാക്കിയതെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.ചങ്ങനാശേരി അസംബ്ലി മണ്ഡലത്തിൽ നടന്ന പുന:സംഘടനയിൽ മാറ്റം വരുത്തിയില്ലെങ്കിൽ താൻ മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിന് മുമ്പ് ദീപാദാസ് മുൻഷി നേതാക്കളുമായി മാസ്‌കോട്ട് ഹോട്ടലിൽ പ്രത്യേകമായി കൂടിക്കാഴ്ച നടത്തി. വി.ഡി സതീശൻ, ബെന്നി ബെഹനാൻ, കെ.സി ജോസഫ് എന്നിവരെയാണ് കണ്ടത്. ഗ്രൂപ്പുകളോടുള്ള അവഗണന ഉൾപ്പെടെയുള്ള കാര്യങ്ങളാണ് എ ഗ്രൂപ്പ് നേതാക്കൾ അറിയിച്ചത്.
ചികിത്സാ അവധി:
കെ.സുധാകരൻ
ചുമതല കൈമാറില്ല
□സുധീരനോട് പ്രതികരിക്കാനില്ലെന്ന് സുധാകരൻ
തിരുവനന്തപുരം: താൻ ചികിത്സകൾക്കായി അമേരിക്കയിലേക്ക് പോകുമ്പോൾ ചുമതല കൈമാറില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 15 ദിവസത്തേക്കാണ് താൻ അവധി. മൂന്ന് ദിവസം കൂടുമ്പോൾ ഓൺലൈൻ മീറ്റിംഗ് നടത്തി കെ.പി.സി.സി യുടെ ഭരണപരമായ കാര്യങ്ങൾ അവലോകനം ചെയ്യും.കൂട്ടായ നേതൃത്വം ഇക്കാലയളവിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വി.എം സുധീരൻ പാർട്ടി യോഗത്തിലേക്ക് ഏറെ നാളുകൾക്കു ശേഷം കയറിവന്ന ആളാണ്. മുമ്പ് താൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി സംസാരിച്ചപ്പോൾ ഇനി ഒന്നിനോടും സഹകരിക്കില്ലെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ വിമർശനങ്ങളോട് പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നത് നവകേരളാ യാത്രയല്ല, ഗുണ്ടാ യാത്രയാണ്. അക്രമം കാട്ടിയ മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങൾ ഗുണ്ടകളെയും കൊണ്ട് പോകുന്നില്ലെന്നതാണ് സമരാഗ്നിയും നവകേരളാ സദസ്സും തമ്മിലുള്ള വ്യത്യാസം.രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് സി.പി.ഐ അല്ല, കോൺഗ്രസാണെന്നും സുധാകരൻ വ്യക്തമാക്കി.