k

വനം വകുപ്പിൽ സ്വന്തം ഖജനാവ് നിറയ്ക്കുന്നവർ എന്ന് കേരള കൗമുദി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ പൂർണമായും ഉൾക്കൊള്ളുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവിയ്ക്ക് അയച്ച കത്തിലാണ് മന്ത്രി ഇക്കാര്യം പറ‌ഞ്ഞത്. വന വികസന കേന്ദ്രങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസ് നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇതുവരെ വകുപ്പിന് ലഭിച്ചിട്ടില്ല. അത് ലഭിച്ചാൽ ഉടൻ തന്നെ വീഴ്ചകൾ പരിഹരിക്കുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമുള്ള കർശന നിർദ്ദേശം വനം വകുപ്പ് മേധാവിക്ക് നൽകിയെന്ന് മന്ത്രി പറഞ്ഞു.ഇത്തരം പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉടൻ തന്നെ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കുള്ള പാസുകൾ,​ഗസ്റ്റ്ഹൗസ് ബുക്കിംഗ് എന്നിവ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വനം ഇക്കോടൂറിസം ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. വനം വകുപ്പിന്റെ ഏത് കേന്ദ്രത്തിലായാലും അഴിമതി നടത്തുന്നവരെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വനവികസന ഏജൻസികളുടെയും ഇക്കോ ഡെവലപ്പ്മെന്റ് സൊസൈറ്റികളുടെും പ്രവ‌ർത്തനങ്ങൾ വരവ് ചെലവ് കണക്കുകൾ എന്നിവ സമയബന്ധിതമായി ഓഡിറ്റ് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും വനം വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. കേരള കൗമുദിയിലെ എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടിയ പ്രകാരം ആവശ്യമായ എല്ലാ നടപടികളും വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.