
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുകളും (കിഴക്കേകോട്ട, വികാസ്ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശ്ശൂർ, ഗുരുവായൂർ, കോഴിക്കോട്) പതിവു പോലെ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഇന്ന് സംസ്ഥാന വ്യാപകമായി സ്വകാര്യ പെട്രോൾ പമ്പുകൾ സൂചനാസമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.
മന്ത്രിസഭാ പുനഃസംഘടന:
എൻ.സി.പിയിൽ ഭിന്നത
തിരുവനന്തപുരം: മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് എൻ.സി.പിയിൽ ഭിന്നത. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് ഇന്നലെ എ.കെ.ജി സെന്ററിലെത്തി ഇ.പി.ജയരാജന് കത്തുനൽകി. രണ്ടര വർഷത്തിനു ശേഷം മന്ത്രിസ്ഥാനം നൽകാമെന്ന് എൻ.സി.പിയിൽ ധാരണയുണ്ടായിരുന്നതായും വിഷയത്തിൽ മുന്നണി നേതൃത്വം ഇടപെടണമെന്നുമാണ് ആവശ്യം. എൻ.സി.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്.
അതേസമയം, ഇത്തരത്തിലുള്ള ഒരു തീരുമാനവും പാർട്ടിയിലില്ലെന്നും തോമസ് കെ.തോമസിന് മന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതാദ്യം പാർട്ടി എക്സിക്യുട്ടീവിലാണ് ഉന്നയിക്കേണ്ടതെന്നും എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി.ചാക്കോ പറഞ്ഞു. പരസ്യ പ്രസ്താവന നടത്തരുതെന്നും ചർച്ചയാക്കരുതെന്നും പലതവണ പറഞ്ഞിരുന്നതാണ്. ഇക്കാര്യത്തിൽ പരസ്യ വിവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമസ്ത നൂറാം വാർഷികം എ.പി വിഭാഗം
ആഘോഷിക്കുന്നതിൽ വിയോജിപ്പ്
കോഴിക്കോട്: സമസ്തയുടെ നൂറാം വാർഷികം ആഘോഷിക്കാൻ എ.പി വിഭാഗത്തിന് അർഹതയില്ലെന്നും അതിൽ വിയോജിക്കുന്നതായും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. 1989ൽ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തി പുറത്തുപോയ ചിലർ പുതിയ സംഘടനയുണ്ടാക്കി സമാന്തര പ്രവർത്തനം നടത്തി വരികയാണ്. പുറത്തുപോയവർ നൂറാം വാർഷികം എന്ന പേരിൽ നടത്തുന്ന പരിപാടിയുമായി സമസ്തയ്ക്ക് ബന്ധമില്ല. ഇത്തരം പരിപാടികളിൽ പ്രവർത്തകർ വഞ്ചിതരാകരുതെന്നും സമസ്ത പോഷക സംഘടനകളുടെ യോഗത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.