മതിലകം : പ്രിന്റെടുത്ത് പണം കൊടുക്കാതെ മുങ്ങിയ യുവാക്കളെ പൊലീസ് അന്വേഷണം നടത്തി ഗൂഗിൾ പേ അക്കൗണ്ടിലേക്ക് തുക അയപ്പിച്ചു. വാട്സാപ്പിൽ നിന്നും ഒമ്പത് പേജ് പ്രിന്റെടുത്ത് പണം നൽകാതെ മുങ്ങിയ യുവാക്കളെ സ്ഥാപന ഉടമയുടെ പരാതിയെ തുടർന്ന് വാട്സ്ആപ്പ് നമ്പർ പിന്തുടർന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
മതിലകം ഫെഡറൽ ബാങ്കിന് മുൻവശത്തുള്ള ഓൺലൈൻ സ്ഥാപനത്തിൽ ജീവനക്കാരി മാത്രമുള്ളപ്പോൾ പ്രിന്റ് എടുക്കാൻ വരുകയും പണം നൽകാതെ മുങ്ങുകയുമായിരുന്നു.
സ്ഥാപന ഉടമ ഇന്റർനെറ്റ് ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് യൂണിയൻ നേതാക്കളുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ പരാതി നൽകി. വനിതാ ജീവനക്കാർ മാത്രമുള്ള ഇത്തരം സ്ഥാപനങ്ങളിൽ ഫോട്ടോസ്റ്റാറ്റ്, പ്രിന്റ് ഔട്ട്, മറ്റ് ഓൺലൈൻ സേവനങ്ങൾ എന്നിവ നടത്തി പൈസ കൊടുക്കാതെ പോകുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചതെന്ന് ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ആർ. സുരേഷ് ബാബു അറിയിച്ചു.