ganesh

തിരുവനന്തപുരം: കെ.ബി. ഗണേശ്കുമാർ ഗതാഗത മന്ത്രിയായി സ്ഥാനമേൽക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പ് മോട്ടോർവാഹന വകുപ്പിൽ ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു. ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് ഇറക്കിയ സ്ഥലംമാറ്റപ്പട്ടിക, മന്ത്രി കെ.ബി. ഗണേശ്കുമാർ ഇടപെട്ടാണ് റദ്ദാക്കിയത്. 57 വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സ്ഥലംമാറ്റവും 18 അസി. വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സ്ഥാനക്കയറ്റവും നിയമനവുമാണ് നിറുത്തിവച്ചത്. സ്ഥലംമാറ്റം നടപ്പാക്കേണ്ടതില്ലെന്ന് അസി. ട്രാൻസ്‌പോർട്ട് കമ്മിഷണർ ശനിയാഴ്ച രാവിലെ ഉദ്യോഗസ്ഥർക്ക് വാട്സ്ആപ് സന്ദേശം നൽകി.
29 ന് വൈകിട്ട് നാലിനാണ് മന്ത്രിയായി കെ.ബി. ഗണേശ്കുമാർ സ്ഥാനമേറ്റത്. ഇതിന് മണിക്കൂറുകൾക്കു മുമ്പാണ് സ്ഥലംമാറ്റം നടന്നത്. ഡിസംബർ 24ന് മന്ത്രി ആന്റണി രാജു സ്ഥാനമൊഴിഞ്ഞു. ഇതിനുശേഷം ഉദ്യോഗസ്ഥ ഭരണത്തിലിരിക്കെയാണ് സ്ഥലമാറ്റപ്പട്ടിക തയ്യാറാക്കിയത്. മന്ത്രി രാജിവയ്ക്കുന്നതിനുമുമ്പേ തയ്യാറാക്കിയ പട്ടികയാണ് ഉദ്യോഗസ്ഥർ നടപ്പാക്കിയതെന്നാണ് അറിയുന്നത്. എന്നാൽ ആന്റണി രാജു അത് നിഷേധിക്കുന്നു. മരവിപ്പിച്ച പട്ടികയിൽ കാര്യമായ ക്രമക്കേടുകളുണ്ടെന്ന് ആക്ഷേപമുണ്ട്.
മോട്ടോർവാഹനവകുപ്പിലെ സ്ഥലംമാറ്റംപ്പട്ടിക നാലുമാസത്തിനിടെ രണ്ടാം തവണയാണ് മരവിപ്പിക്കുന്നത്. പിഴ ചുമത്തുന്നതിലെ കേമത്തം അടിസ്ഥാനമാക്കി കഴിഞ്ഞ സെപ്തംബറിൽ 205 അസി. വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ സ്ഥലംമാറ്റിയത് അഡ്മിന്സ്‌ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. പൊതുഭരണവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ സ്പാർക്ക് സോഫ്റ്റ്‌വെയർവഴി പുതിയ ഉത്തരവ് ഇറക്കുകയോ 2024 ലെ പൊതുസ്ഥലം മാറ്റത്തിന്റെ സമയത്ത് നടപ്പാക്കുകയോ ചെയ്യാനായിരുന്നു വിധി. ഇതേ തുടർന്ന് മറ്റ് നടപടികളിലേക്ക് കടക്കാതെ സർക്കാർ പിൻവാങ്ങി.
ഇതിനൊപ്പം 94 വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ സ്ഥലംമാറ്റിയതും ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. നിരവധി ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ച് സ്ഥലംമാറ്റത്തിൽ നിന്ന് ഒഴിവായി. ഇതിൽ ദൂരസ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ടവർ ഇപ്പോഴത്തെ സ്ഥലംമാറ്റപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.