
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെലി ടൂറിസം പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി ടൂറിസം വകുപ്പ്. ഇതിനായി തയ്യാറാക്കുന്ന ഹെലി ടൂറിസം നയം അന്തിമഘട്ടത്തിലെത്തി. രണ്ടുമാസത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനു പിന്നാലെ സർവീസ് നടത്താൻ കൂടുതൽ കമ്പനികളുമായി ടൂറിസം വകുപ്പ് ധാരാണാപത്രം ഒപ്പുവയ്ക്കും.
നിലവിൽ ഡൽഹി ആസ്ഥാനമായ ചിപ്‌സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡാണ് ടൂറിസം വകുപ്പുമായി സഹകരിച്ച് സർവീസ് നടത്തുന്നത്. കൂടുതൽ കമ്പനികൾ എത്തിയാൽ ടിക്കറ്റ് നിരക്ക് കുറയും. വിവിധ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കൊച്ചിയിൽ നിന്ന് മൂന്നാറിലേക്കാണ് നിലവിൽ സർവീസ് നടത്തുന്നത്. 4,500 രൂപയാണ് നിരക്ക്. ആറുപേരടങ്ങുന്ന സംഘത്തിന് അഞ്ചുശതമാനം നിരക്കിളവുമുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സർവീസ്.
ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഹെലി ടൂറിസം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഉത്തര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള സർവീസും ഉടൻ ആരംഭിക്കും. സഞ്ചാരികളുടെ പ്രതികരണവും മറ്റു സാങ്കേതികഘടകങ്ങളും പരിഗണിച്ച് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പുതിയ ഹെലിപ്പാഡുകൾ സജ്ജമാക്കുന്നതും പരിഗണനയിലാണ്. മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
തെക്കൻ കേരള സർവീസ് ഉടൻ
തെക്കൻ കേരളത്തിലെ 12 വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസ് ഉടൻ ആരംഭിക്കും. ചിപ്‌സൺ ഏവിയേഷനാണ് സർവീസ് നടത്തുക. ജനുവരി മദ്ധ്യത്തോടെ ഇത് പ്രഖ്യാപിക്കുമെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. രണ്ടു പകലും ഒരു രാത്രിയും നീണ്ടുനിൽക്കുന്നതാണ് ഈ പാക്കേജ്. സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ നിശ്ചയിച്ചു. സർവീസ് പ്രഖ്യാപിക്കുമ്പോൾ നിരക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിടും.