vm

ശിവഗിരി: ഗുരുദർശനം പാലസ്തീനിലല്ല, ഗുരു പിറവിയെടുത്ത കേരളത്തിൽപ്പോലും പ്രാവർത്തികമാക്കാൻ കഴിയുന്നുണ്ടോയെന്ന് ചിന്തിക്കണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. 91-ാമത് ശിവഗിരി തീർത്ഥാടക മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരു ദർശനത്തിന്റെ തെളിച്ചം എത്തിയിരുന്നെങ്കിൽ പാലസ്തീനിൽ ചോരപ്പുഴയൊഴുകുമായിരുന്നില്ലെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പരാമർശത്തിനാണ് മുരളീധരൻ മറുപടി നൽകിയത്. കൊല്ലും കൊലയും ചെയ്യാൻ മടിയില്ലാത്തവരായി മനുഷ്യൻ മാറുന്നു. ഡോ. വന്ദനാദാസിന്റെ കൊലപാതകം അടക്കം എത്രയെത്ര ക്രൂരമായ സംഭവങ്ങൾ. ആഗോളതലത്തിലും സംസ്ഥാനത്തും ഗുരുദർശനത്തിന്റെ പ്രസക്തി വർദ്ധിച്ചുവരുന്ന ഹിംസാ പശ്ചാത്തലമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചെടിച്ചട്ടി കൊണ്ട് മറ്റൊരു മനുഷ്യന്റെ തല അടിച്ചു പൊട്ടിക്കുന്നത് 'രക്ഷാപ്രവർത്തനം" എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാട്ടിലാണ് 'ഒരു പീഡയെറുമ്പിനും വരുത്തരുത്" എന്ന് ഗുരു പഠിപ്പിച്ചത്. സഹജീവിയോട് കരുണയും സ്‌നേഹവും കരുതലും ഉള്ളവർക്ക് അത്താഴപ്പട്ടിണി മാറ്റാൻ അരി ചോദിക്കുന്നവരെ അധിക്ഷേപിക്കാനാവില്ല. സഹജീവികളോട് അനുകമ്പയുള്ളവർക്ക് നിരായുധരായ മനുഷ്യരെ വളഞ്ഞിട്ട് തല്ലുന്നവരെ അഭിനന്ദിക്കാനുമാവില്ല.

കാവി വെറുക്കപ്പെടേണ്ട നിറമാണെന്ന് ഗുരു പറഞ്ഞതായി തന്റെ അറിവിലില്ല. കാവിയുടെ മഹത്വം മനസിലാകണമെങ്കിൽ മനസിലെ അന്ധത നീങ്ങണം. സനാതന ധർമ്മ പാരമ്പര്യത്തെ വക്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമം ഏറ്റവുമധികം നടത്തിയിട്ടുള്ളത് നിരീശ്വരവാദം പിന്തുടരുന്നവരാണ്. പ്രാചീനവും പരിശുദ്ധവുമായ സനാതന പരമ്പരയെ അപമാനിക്കാൻ മാർക്സിസ്റ്റ് ചരിത്രകാരന്മാർ തലമുറകളായി പരിശ്രമിക്കുകയാണ്. അയോദ്ധ്യയിലടക്കം അതാണ് കണ്ടത്.

ശ്രീനാരായണീയരുടെ വേദിയിലുടനീളം ചിലർ ഭാരതീയ തത്വചിന്തയെ അവഹേളിക്കാനും സനാതന ധർമ്മ പാരമ്പര്യത്തെ അപമാനിക്കാനുമുള്ള ശ്രമങ്ങൾ തുടരുന്നു. വിനായകാഷ്ടകം എഴുതിയ ശ്രീനാരായണഗുരുവിന് സനാതന ധർമ്മവുമായി ഒരു ബന്ധവുമില്ലെന്നാണ് പറയുന്നത്. ഹിന്ദു മതത്തിലെ ദേവീദേവന്മാരെ പ്രകീർത്തിച്ച് മുപ്പതിലേറെ കീർത്തനങ്ങൾ എഴുതിയ മഹാത്മാവാണ് ശ്രീനാരായണഗുരുവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

ശ്രീനാരായണധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും സ്വാമി സൂക്ഷ്മാനന്ദയും അനുഗ്രഹ പ്രഭാഷണം നടത്തി. അടൂർ പ്രകാശ് എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഏറാം ഗ്രൂപ്പ് ചെയർമാൻ ഡോ.സിദ്ദിഖ് അഹമ്മദ്, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, ക്വെൽ ഗ്രൂപ്പ് ചെയർമാൻ കെ.ജി.ബാബുരാജ്, മുരളീയ ഗ്രൂപ്പ് ചെയർമാൻ കെ.മുരളീധരൻ, മുംബെ ശ്രീനാരായണ മന്ദിര സമിതി ചെയർമാൻ എം.ഐ ദാമോദരൻ, ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്സ് സെക്രട്ടറി ജനറൽ ഡോ.സുരേഷ് കുമാർ മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു.