venal

തിരുവനന്തപുരം/കൊച്ചി: ശൈത്യകാലത്തും സംസ്ഥാനം ചുട്ടുപൊള്ളുന്നു. രാജ്യത്തുതന്നെ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ്. 37.2 ഡിഗ്രി സെൽഷ്യസ്. മലയോര മേഖലകളിലുൾപ്പെടെ പകൽ 32 മുതൽ 37 ഡിഗ്രി സെൽഷ്യസും രാത്രി 23-25 ഡിഗ്രി സെൽഷ്യസുമാണ് ഈ മാസം ആദ്യവാരത്തിൽ രേഖപ്പെടുത്തിയത്.സാധാരണയിൽ നിന്ന് രണ്ടു മുതൽ 4 ഡിഗ്രി വരെ ഉയർന്ന ചൂട്. ശൈത്യകാലത്ത് ഇത്രയുമധികം ചൂട് അനുഭവപ്പെടുന്നത് രണ്ടാമത്തെ വർ‍ഷമാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ താപനില 37.5 വരെ ഉയർന്നിരുന്നു. ജനുവരിയിൽ മഴ ലഭിച്ചപ്പോൾ താപനില സാധാരണ രീതിയിലേക്കു മാറി. ഇത്തവണ ജനുവരിയിൽ മഴയ്ക്ക് സാദ്ധ്യതയില്ലെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനവും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പലയിടങ്ങളിലും ജലായശങ്ങളും കിണറുകളും താണ ജലനിരപ്പിലേക്കെത്തി. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ അനുഭപ്പെടാറുള്ള ചൂടാണ് ശൈത്യകാലത്തും അനുഭവപ്പെടുന്നത്.

ഇനിയുള്ള ദിവസങ്ങളിൽ താപനില ഉയരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ ഗവേഷകർ പറയുന്നത്. താപനില ഉയരുന്നതിന് ആനുപാതികമായി അന്തരീക്ഷ ആർദ്രത വർദ്ധിക്കുന്നത് യഥാർത്ഥത്തിൽ ഉള്ളതിനെക്കാൾ കൂടിയ ചൂട് അനുഭവപ്പെടാൻ കാരണമാകും. ഈർപ്പത്തിന്റെ അളവ് കൂടുതലുള്ള തീരപ്രദേശങ്ങളിൽ പകൽ സമയങ്ങളിൽ ഇപ്പോഴും കനത്ത ചൂടാണ്.

ക്രമാതീതമായി ഉയരുന്ന ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്നത് തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ്. ഇവർ സൂര്യാഘാതം, നിർജ്ജലീകരണം, സൂര്യാതപം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള മുൻകരുതലുകളെടുക്കണം.

താപനില തെറ്റാൻ കാരണം

കാലാവസ്ഥ വ്യതിയാനവും ആഗോള താപനത്തിന്റെ സ്വാധീനമാണ് താപനില താളം തെറ്റിക്കുന്നത്. എൽനിനോ, ഇന്ത്യൻ ഓഷ്യൻ ഡയോപോൾ (ഐ.ഒ.ഡി), ദുർബലമായ വടക്കൻ കാറ്റ് എന്നീ പ്രതിഭാസങ്ങൾ ഒന്നിച്ചുവന്നതോടെ അന്തരീക്ഷതാപനില ഉയർന്നു. ഇത് ഫെബ്രുവരിയിലും തുടരും. മലയോര മേഖലകളെ അപേക്ഷിച്ച് തീരദേശത്തായിരിക്കും വെയിലിന് കാഠിന്യം.

''ജനുവരിയിൽ താപനില ഉയർന്നുനിൽക്കാനാണ് സാദ്ധ്യത. വർഷത്തിന്റെ പകുതിയോടെ ഇതിൽ മാറ്റമുണ്ടാകും.

ഡോ. എസ്. അഭിലാഷ്,

ഡയറക്ടർ,

കുസാറ്റ് റഡാർ കേന്ദ്രം

ഇന്നലെത്തെ ഉയർന്ന ചൂട് ഡിഗ്രി സെൽഷ്യസിൽ

കണ്ണൂർ - 37.2

തിരുവനന്തപുരം നഗരം-35

കോഴിക്കോട്-35

കോട്ടയം - 35

പുനലൂർ-35

സിയാൽ കൊച്ചി -34.4

തുലാവർഷത്തിൽ അധികമഴ 27 %

കാലവർഷത്തിൽ 37 ശതമാനം മഴകുറവ് രേഖപ്പെടുത്തിയപ്പോൾ അത് കഴിഞ്ഞുള്ള തുലാവർഷം ഇത്തവണ 27 ശതമാനം അധികമഴ നൽകി. ഏറ്റവും അധികം മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. ശരാശരിയേക്കാൾ 95 ശതമാനത്തിന്റെ വർദ്ധന. ശരാശരി 624.7 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നിടത്ത് 1220.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് ശരാശരിയായ 548.5 മില്ലിമീറ്ററിന് പകരം 836.6 മില്ലിമീറ്റർ ലഭിച്ചു. 53 ശതമാനത്തിന്റെ വർദ്ധന.