sivagiri

ശിവഗിരി: ലോകത്ത് സമാധാനം ഉണ്ടാകണമെങ്കിൽ മനുഷ്യമനസുകളിൽ ആദ്യം സമാധാനം ഉണ്ടാകണമെന്ന് സ്വാമി സൂക്ഷ്‌മാനന്ദ പറഞ്ഞു. 91ാ മത് ശിവഗിരി തീർത്ഥാടനത്തിന്റെ രണ്ടാം ദിവസത്തെ സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരുദേവ ദർശനത്തിന്റെ പ്രായോഗികമായ പ്ളാറ്റ്ഫോം ആണ് ശിവഗിരി തീർത്ഥാടനം. ജീവിതത്തിൽ അറിവു നേടിയാൽ മാത്രം പോര. അത് യഥാസമയം നവീകരിച്ചുകൊണ്ടിരിക്കണം. ശ്രീനാരായണ ഗുരു ആ കാഴ്ചപ്പാടാണ് മുന്നോട്ടുവച്ചത്. ഗുരു അദ്വൈതത്തെ നവീകരിക്കുകയാണ് ചെയ്തത്. ശങ്കരാചാര്യർ ജീവിച്ചിരുന്നത് എട്ടാം നൂറ്റാണ്ടിലാണ്,​ ഗുരു 19ാം നൂറ്റാണ്ടിലും. ശങ്കരാചാര്യർ പകർന്നുനൽകിയ ആ അറിവിനെ കാലത്തിനൊത്ത് നവീകരിച്ചത് ഗുരുവാണ്. അതിനാൽ ഗുരുവിന്റെ ദർശനത്തെ ശങ്കരാചാര്യരുടെ അദ്വൈതമാണെന്ന് സാമാന്യവത്കരിക്കരുത്. ലോകസാഹചര്യവും കാഴ്ചപ്പാടുകളും നിരന്തരം നവീകരിക്കപ്പെടേണ്ടതുണ്ട്. മനുഷ്യർ തമ്മിലുള്ള വ്യത്യാസം കാഴ്ചപ്പാടുകളുടേതാണ്. ആ കാഴ്‌ചപ്പാടുകളുടെ പരിമിതി മറികടക്കണം. എല്ലാ മതങ്ങളും ജയിലുകളാണെന്നാണ് ഗുരു പറഞ്ഞത്. ആ ജയിലുകൾ ചാടിയവരുണ്ട്. ചാടാൻ പഠിപ്പിച്ചവരുണ്ട്. അതാണ് യഥാർത്ഥ ആത്മീയത. ഇത്തരത്തിൽ പ്രവർത്തിച്ചവരെ ആരെയും ഒരു മതത്തിന്റെയും പ്രതിനിധികളായി കാണരുത്. ശാസ്ത്രം ഇപ്പോഴും സത്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ,​ പരമമായ സത്യം നീ ആണെന്ന് ഗുരു കാലങ്ങൾക്കുമുമ്പേ കണ്ടെത്തിയിരുന്നുവെന്നും സൂക്ഷ്‌മാനന്ദ പറഞ്ഞു.