
ശിവഗിരി: സനാതന ധർമ്മത്തെയോ, ഹിന്ദു മതത്തെയോ ആരും തള്ളിപ്പറഞ്ഞിട്ടില്ലെന്നും, അതേ സമയം അതിന്റെ പേരിൽ നടക്കുന്ന അനാചാരങ്ങളെ അംഗീകരിക്കാനാവില്ലെന്നും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. സനാതന ധർമ്മ പാരമ്പര്യത്തെ വക്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് ശിവഗിരി തീർത്ഥാടക സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണഗുരു ജീവിച്ച കാലത്ത് സനാതന ധർമ്മത്തിന്റെ അവസ്ഥ എന്താണെന്ന് മന്ത്രി മുരളീധരൻ മറന്നു പോയി. മനുഷ്യനെ മനുഷ്യനായി കാണാനാണ് പഠിക്കേണ്ടത്. സനാതന ധർമ്മത്തിന്റെ പേരിൽ നമ്മുടെ സമൂഹത്തിൽ നിലനിന്നത് ചാതുർവർണ്യമായിരുന്നു. മഹാഭൂരിപക്ഷം വരുന്നവരെയും മനുഷ്യരായി കാണാൻ പോലും അനുവദിക്കാത്ത ചാതുർവർണ്യത്തിന്റെ അടിവേര് അറുത്തു മാറ്റിക്കൊണ്ടാണ് ശ്രീനാരായണഗുരു തന്റെ പുരോഗമന ചിന്തകൾ മുന്നോട്ടുവച്ചത്. മനുഷ്യനാണ് എല്ലാറ്റിലും വലുത്, മതമൊക്കെ അതിനുശേഷമേ വരുന്നുള്ളൂ. നൂറായിരം മതങ്ങളുള്ള നാടാണ് നമ്മുടേത്. മന്ത്രി മുരളീധരൻ കാണിച്ചത് ഗുരുവിനോടുള്ള നന്ദികേടാണ്. ശിവഗിരി പോലുള്ള തീർത്ഥാടന കേന്ദ്രത്തിൽ വന്ന് അദ്ദേഹം ഇത്തരമൊരു ഗുരുനിന്ദ നടത്തരുതായിരുന്നു. കാവി പുകഴ്ത്തപ്പെടേണ്ട നിറമാണെന്ന് ശ്രീനാരായണഗുരു പറഞ്ഞെന്നാണ് മന്ത്രിയുടെ അവകാശവാദം. എന്നാൽ, ഗുരു അങ്ങനെ പറഞ്ഞിട്ടില്ല. സ്നേഹത്തിന്റെ നിറമായാണ് ഗുരുദേവൻ മഞ്ഞയെ തിരഞ്ഞെടുത്തത്. ജാതിയുടെയോ മതത്തിന്റേയോ ഭാഗമായി ശിവഗിരിയെ മാറ്റരുത്. ഏതെങ്കിലും ഒരു മതത്തിന്റെ ഭാഗമായി നിൽക്കാൻ ഗുരു ഒരിക്കലും ശ്രമിച്ചില്ല. മറിച്ച് ഏക മതം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്
അത് വാത്സല്യം
120 കിലോമീറ്റർ വേഗത്തിൽ പായുന്ന വാഹനത്തിന് മുമ്പിൽ ചാടുന്നവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. പിടിച്ചു മാറ്റാനായില്ലെങ്കിൽ കൈയിൽ കിട്ടുന്ന എന്തെങ്കിലും, അത് കമ്പോ മറ്റോ ആകാം അതുകൊണ്ട് അടിക്കും. അത് ആരോടുമുള്ള വൈരാഗ്യം കൊണ്ടല്ല. മറിച്ച് വാത്സല്യം കൊണ്ടാണ്. കേരളത്തിലെ അക്രമങ്ങളെക്കുറിച്ച് പറയുന്ന മുരളീധരൻ മണിപ്പൂരിൽ ഒരു മതവിഭാഗത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് മിണ്ടാത്തത് എന്തു കൊണ്ടാണെന്നും കടകംപള്ളി ചോദിച്ചു