
ശ്രീനാരയണഗുരുദേവൻ ! പരമാത്മഭൂതദാന ദേവതാതരുവായ വിശ്വഗുരുവാണ്. ഈശ്വരൻ, ജീവൻ, ജഗത്ത് എന്നീ തത്വങ്ങളുടെ ഏകത്വം ആനുഭൂതികമായി ദർശിച്ച് അഭേദമായ അദ്വൈതസത്യത്തിൽ അവിടുന്ന് അമർന്ന് അവസ്ഥാനം ചെയ്‌തു. ഞാൻ അവതാര പുരുഷനാണെന്ന് പരമാർത്ഥമുരച്ച് തേർവിടും പൊരുൾ ഉദ്ഗാനം ചെയ്‌തപ്പോൾ നരദിവ്യാകൃതിപൂണ്ട ധർമ്മം ബോധിസത്വനും പരമേശപവിത്രപുത്രൻ ദൈവപ്രതീകമായ ദൈവപുത്രനായും
കരുണാവാനായ
മുത്തുരത്‌നം നബിയായും പ്രഖ്യാപനം ചെയ്‌തു. ആ പാരമ്പര്യത്തിൽ വന്നുദിച്ച അല്ലയോ ശ്രീനാരായണപരമഗുരോ അവിടുന്ന് ' നാമും ദൈവവും ഒന്നായിരിക്കുന്നു " വെന്ന് ആത്മവിലാസത്തിലൂടെ നിജസ്വരൂപം സുവ്യക്തമാക്കി പ്രത്യക്ഷ ദൈവതമായി പ്രകാശിക്കുന്നു . അവിടുന്ന് ജനകോടികൾക്ക് അഭയമൂർത്തിയാണ് .
സവർണ്ണാവർണ്ണന്മാരെന്നു മുദ്രകുത്തി മനുഷ്യസഞ്ചയത്തെ പല പല കണ്ണികളാക്കി വേർതിരിച്ച്
ഭേദത്തിൽ ഭേദവും ജല്‌പിച്ചുകൊണ്ട്നൂറായിരം ജാതികളാക്കി തരംതിരിച്ചപ്പോൾ
മനുഷ്യരൊക്കെയും ഒരു ജാതിയെന്ന് അരുളുവാൻ, ഹൈന്ദവ - ബൗദ്ധ - ജൈന - ക്രൈസ്‌തവ - ഇസ്ളാം തുടങ്ങിയ മതഭേദചിന്തകൾ വർദ്ധിച്ച് സ്വമത സ്ഥാപനവും പരമതനിരാകരണവും മതപരിവർത്തനങ്ങളും മതതീവ്രവാദപ്രവർത്തനങ്ങളും കൊണ്ട് മതപ്പോരുകൾ വർദ്ധിച്ചു വംശീയനാശത്താൽ മനുഷ്യമനസ്സ് മരവിച്ചപ്പോൾ പലമതസാരവുമേകുന്ന ഒരു മതസിദ്ധാന്തം ഉദ്ബോധിപ്പാൻ , ചാത്തൻ, ചാമുണ്ഡി, യക്ഷി, പേയ് തുടങ്ങിയ ദുർദ്ദേവതാരാധനകൾ കൊണ്ടും ഈശ്വരൻ, ബ്രഹ്മം, പിതാവ്, അള്ളാഹു, താവോ തുടങ്ങി വിഭിന്നമായ ദൈവസങ്കല്പങ്ങൾക്കൊണ്ടും ആരാധനകൾകൊണ്ടും പരമകാരണ തത്ത്വം നാനത്വഭേദത്താൽ ഉൽകൃഷ്ടാപകർഷത്തെ പ്രപഞ്ചനം ചെയ്‌ത് അന്ധകാരത്തിലധപ്പതിച്ചപ്പോൾ " ഒരു ദൈവ "മെന്ന പരമതത്ത്വം അവതരിപ്പിച്ച "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് " എന്ന വിശ്വസന്ദേശം മുഴക്കി അവിടുന്ന് ഏകത്വദർശനത്തിന്റെ മഹാപ്രവാചകനായി.
ഇന്ന് ബാഹ്യവൃത്തികളിൽ നിന്നും മനുഷ്യമനസ്സിലേക്ക് ചേക്കേറിയ ജാതിഭൂതം തമ്പുരാൻകോട്ടകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു . മതലഹളകൾ ആളിപ്പടർന്നും മതത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി രക്തപ്പുഴകൾ സൃഷ്ടമാക്കിയും നിലകൊള്ളുന്ന പശ്ചിമേഷ്യൻ പ്രശ്‍നങ്ങളുടെ സങ്കീർണ്ണതകളെ ഇല്ലാതാക്കാൻ അവിടുത്തെ മനുഷ്യദർശനമൊന്നുമാത്രമാണ് ഉപാധി . ദൈവപ്രീതിക്കായി മനുഷ്യനെപ്പോലും ബലികഴിച്ചുകൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ഏകജാതി, ഏകമത, ഏക ദൈവതത്ത്വദർശനത്തിന്റെ കാലാതീതമായ പ്രസക്തി വളരെ വലുതാണ് .
ആയിരത്താണ്ടുകൾ കൂടുമ്പോൾ ഒരിക്കൽ മാത്രം വന്നവതരിക്കാറുള്ള ഗുരുപരമ്പരയിലെ ജഗദ് ഗുരുവായി അവിടുന്ന് പ്രകാശിക്കുന്നു. മതവും തത്വദർശനവുമല്ല മനുഷ്യനാണ് വലുത് . അതിനാൽ "മതമേതായാലും മനുഷ്യൻ നന്നായാൽ മതി "എന്ന തൃപ്പാദങ്ങളുടെ അമരവാണി ഭഗവാനെ ചരിത്രഗതിയിൽ അനുപമേയനാക്കുന്നു. ഞങ്ങളുടെ ഹൃദയപത്മത്തിൽ ഈശ്വരസ്വരൂപവും നാവിൽ നവാക്ഷരീമന്ത്രവും പ്രവൃത്തിയിൽ ശ്രീനാരായണ കർമ്മപടുത്വവും നിറച്ച് ത്രികരണങ്ങളേയും ഭഗവദ്സേവയിൽ അർപ്പണം ചെയ്‌ത് ഞങ്ങൾ ഗുരുദേവസേവ നിർവ്വഹിക്കും . 91 - ാമത് ശിവഗിരി തീർത്ഥാടന വേളയിൽ വിശ്വഗുരുവിന്റെ
തത്ത്വദർശന സാഫല്യതയ്ക്കായി നമുക്ക് ആത്മപ്രതിജ്ഞയെടുക്കാം . ഏവരിലും ഗുരുകാരുണ്യം നിറയുമാറാകട്ടെ . ഏവർക്കും തീർത്ഥാടന നവവത്സരമംഗളാശംസകൾ .