
തിരുവനന്തപുരം: ഗതാഗത വകുപ്പ് അനുമതി നൽകിയിട്ടും,ധനവകുപ്പ് ഉടക്കിട്ടതോടെ സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 950 ഇലക്ട്രിക് ബസുകളുടെ കാര്യം അനിശ്ചിതത്വത്തിൽ. കേരളത്തിലെ നഗരങ്ങളിൽ സർവീസ് നടത്താൻ പ്രധാനമന്ത്രി ഇ -ബസ് സേവ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ച 950 ബസുകൾ സ്വീകരിക്കാൻ സമ്മതം അറിയിച്ച് ഗതാഗത വകുപ്പ് ഒക്ടോബർ നാലിനാണ് കത്തയച്ചത്. തുടർ നടപടികൾ സ്വീകരിക്കണമെന്ന് ധനവകുപ്പിനെ അറിയിക്കുകയും ചെയ്തു. പിന്നീട് നടപടിയൊന്നുമുണ്ടാകാത്തതിനാൽ
ഡിസംബർ 14ന് നടന്ന ടെൻഡർ നടപടികളിൽ കേരളം ഇടം പിടിച്ചില്ല.
പദ്ധതി പ്രകാരം ബസുകൾ നേടുന്നതിന് ധനവകുപ്പ് പേമെന്റ് സെക്യൂരിറ്റി മെക്കാനിസം ഉണ്ടാക്കണം. സർക്കാരിന്റെ ഗ്യാരന്റിയാണത്. ഇതിന് കേന്ദ്ര സർക്കാരുമായി ചേർന്ന് 83 കോടിയുടെ കോർപ്പസ് ഫണ്ട് ഉണ്ടാക്കണം. അതിൽ 48 കോടി സംസ്ഥാന വിഹിതമാണ്. ബസുകൾ നൽകുന്ന കമ്പനിക്ക് വാടക വിഹിതം കൃത്യമായി നൽകുന്നതിനും, വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കുന്നതിനും സർക്കാർ ഗ്യാരന്റി ഉറപ്പാക്കാനാണ് കോർപ്പസ് ഫണ്ട്.
നടപടിക്രമങ്ങൾ പാലിച്ച മറ്റ് സംസ്ഥാനങ്ങൾ 3975 ബസുകൾ നേടി. കർണ്ണാടക 795 ബസുകളാണ് ആവശ്യപ്പെട്ടത്. ആദ്യഘട്ടമായി 350 എണ്ണം അനുവദിച്ചു. രാജ്യത്ത് 10,000 ഇലക്ട്രിക് ബസുകൾ വിന്യസിക്കുന്ന ' പ്രധാനമന്ത്രി ഇ-ബസ് സേവ" പദ്ധതി തിരഞ്ഞെടുപ്പിൽ ബി.ജെ.പി ആയുധമാക്കുമെന്ന് കരുതി ആദ്യം സംസ്ഥാന സർക്കാർ മുഖംതരിച്ചിരുന്നു. 'കേന്ദ്രം വാടകയ്ക്ക് അനുവദിച്ച 950 ഇ-ബസുകൾ നമുക്ക് വേണ്ട!" എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. തുടർന്നാണ് ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു ഇടപെട്ട് നടപടിക്രമങ്ങൾ ആരംഭിച്ചത്.
കെ.എസ്.ആർ.ടി.സിക്ക് കിട്ടിയാൽ നേട്ടം
1ഡീസൽ ചെലവിനത്തിൽ പ്രതിമാസം 25 കോടി ലാഭിക്കാം.
2 ഒറ്റ ചാർജ്ജിംഗിൽ 350 കിലോമീറ്റർ വരെ ഓടിക്കാം. കിലോമീറ്ററിന് 54 രൂപ വാടക. 22 രൂപ കേന്ദ്രം നൽകും.
3 ഡ്രൈവറെ നിയമിക്കുന്നതും ശമ്പളം കൊടുക്കുന്നതും ബസ് നൽകുന്ന സ്വകാര്യ കമ്പനി. ചാർജിംഗ്, നികുതി, ഇൻഷ്വറൻസ് ചെലവുകളും വഹിക്കും.
4കണ്ടക്ടറെ നിയമിച്ച് ശമ്പളം നൽകേണ്ടത് കെ.എസ്.ആർ.ടി.സി. കിലോമീറ്ററിന് 8 രൂപയാണ് കണ്ടക്ടറുടെ വേതനം