
വിതുര: വിതുര പോസ്റ്റ് ഓഫീസിന് സമീപം പൊതു മാലിന്യ ഇടമായിരുന്ന സ്ഥലമിനി സ്നേഹാരാമം എന്ന പേരിലറിയപ്പെടും. വിതുര പഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടുകൂടി വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ നാഷണൽ സർവീസ് സ്കീം വോളന്റിയർമാരാണ് പദ്ധതി പൂർത്തിയാക്കിയത്. സാനിറ്ററി പാഡുകളും ഡയപ്പറുകളും കുപ്പിച്ചില്ലുകളും ഇറച്ചി അവശിഷ്ടങ്ങളുമുൾപ്പെടെയുള്ള മാലിന്യങ്ങൾ സ്ഥിരമായി ഉപേക്ഷിച്ചു പോകുന്ന സ്ഥലമായിരുന്നു ഇവിടം. മാലിന്യങ്ങൾ കുമിഞ്ഞുകൂടി ചീഞ്ഞുനാറുന്ന ഈ ഭാഗത്തുകൂടി മൂക്ക് പൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു. അതോടൊപ്പം ഈച്ചയുടെയും കൊതുകിന്റെയും ശല്യവും വേറെ. മാലിന്യം തിന്നുവാൻ തെരുവ് നായകളും തമ്പടിച്ചിരുന്നു. നായ്ക്കൾ വഴിപോക്കരെ ആക്രമിക്കുന്നതും പതിവായിരുന്നു. പ്രദേശത്തെ മാലിന്യ നിക്ഷേപത്തെക്കുറിച്ചും തെരുവ് നായശല്യത്തെക്കുറിച്ചും കേരളകൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു. മാലിന്യമുക്ത നവകേരളം കാമ്പെയിന്റെ ഭാഗമായി പൊതുമാലിന്യയിടങ്ങൾ, പാതയോരങ്ങൾ എന്നിവ സൗന്ദര്യവത്കരിക്കുന്ന നാഷണൽ സർവീസ് സ്കീം, ശുചിത്വമിഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത പദ്ധതിയാണ് സ്നേഹാരാമം. പൂന്തോട്ടവും നടപ്പാതയും വിശ്രമയിടവുമൊക്കെ ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ് പദ്ധതി ഉദ്ഘാടനം ചെയ്തു. ചേന്നൻപാറ വാർഡ് മെമ്പർ മാൻകുന്നിൽ പ്രകാശ്,പി.ടി.എ പ്രസിഡന്റ് ആർ.രവിബാലൻ,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മഞ്ജുഷ എ.ആർ,പ്രിൻസിപ്പൽ ഷാജി.എം.ജെ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജിജ,വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കൃഷ്ണ,എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ മാത്തൻ ജോർജ്,എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ അരുൺ വി.പി,മറിയാമ്മ ചാക്കോ,ഷാഹിന തുടങ്ങിയവർ പങ്കെടുത്തു.