sasi

ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ ദർശനം ഭാരതത്തിന് മാത്രമല്ല ലോകത്തിനാകെയുള്ള സന്ദേശമാണെന്ന്ഹ ശശിതരൂർ എം.പി പറഞ്ഞു.ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് കൃഷി, കൈത്തൊഴിൽ, വ്യവസായം, ടൂറിസം വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ചിന്തയുടെ വ്യക്തതയാണ് ഗുരുവിന്റെ സവിശേഷത. തത്വചിന്തകൻ, ദാർശനികൻ, സമൂഹപരിഷ്കർത്താവ്, സമൂഹനീതിക്ക് വേണ്ടി നിലകൊണ്ട പോരാളി തുടങ്ങി ബഹുമുഖ രംഗങ്ങളിലാണ് അദ്ദേഹത്തിന്റെ സംഭാവനകൾ. തിരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞാൽ ഗുരുവിനെക്കുറിച്ച് പുസ്തകം എഴുതും. ഗുരു നൽകിയ അറിവുകൾ വിദേശങ്ങളിലും എത്തിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം മെച്ചമാക്കാൻ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ രൂപീകരിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ മേഖല മെച്ചപ്പെട്ടതാണെങ്കിലും സാങ്കേതിക മേഖലയിൽ മറ്റു പല സംസ്ഥാനങ്ങളും നമ്മളേക്കാൾ വളരെ മുന്നിലാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനെക്കാൾ രൂക്ഷമാണ് തൊഴിലില്ലായ്മ. വലിയ തോതിൽ യുവാക്കൾ സംസ്ഥാനം വിടുന്നുണ്ട്. ആയുർവ്വേദ, അലോപ്പതി മേഖലകളിലായി 9000ത്തോളം ഡോക്ടർമാർ തൊഴിൽ രഹിതരാണ്. വ്യവസായ മേഖലയിൽ നിക്ഷേപം നടത്താൻ വാഗ്ദാനങ്ങൾ വരുന്നുണ്ടെങ്കിലും നിക്ഷേപം മാത്രം എത്തുന്നില്ല. പുതിയ സംരംഭം തുടങ്ങാൻ കേരളത്തിൽ 236 ദിവസം കാത്തിരിക്കണമെന്നതാണ് സ്ഥിതി. ചില വിദേശ രാജ്യങ്ങളിൽ മൂന്ന് ദിവസം മതിയാവും. തടസങ്ങൾ ഒഴിവാക്കാൻ അനാവശ്യ ചട്ടങ്ങൾ മാറ്റിയെഴുതണം.

സാമ്പത്തിക ബാദ്ധ്യത മൂലം കർഷകർ ആത്മഹത്യ ചെയ്യുന്ന സ്ഥിതി പലേടത്തുമുണ്ടെങ്കിലും നിക്ഷേപകർ ആത്മഹത്യ ചെയ്യുന്നത് കാണേണ്ടി വന്നത് കേരളത്തിലാണ്. ഹർത്താൽ നിരോധിക്കണം. മറ്രുള്ളവരെ ഉപദ്രവിക്കാനുള്ള അവകാശം നമുക്കില്ല. രാജ്യത്ത് വലിയ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറയുന്നുണ്ടെങ്കിലും എല്ലായിടത്തും വികസനം എത്തിയിട്ടില്ല. എന്നാൽ കേരളത്തിൽ പൂർണമായി നടന്നിട്ടുണ്ട്. ഇക്കാര്യങ്ങളിൽ രാഷ്ട്രീയമല്ല വേണ്ടത്. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് ഗുരുദേവൻ പറഞ്ഞത് പോലെ , രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി എന്നതാണ് തന്റെ നിലപാടെന്നും തരൂർ വ്യക്തമാക്കി.