
തിരുവനന്തപുരം: നേമം റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സൗത്തായും കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്തായും മാറും. നേമം,കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റത്തിന് സർക്കാർ അനുമതി നൽകിയത്.തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് ഉപഗ്രഹ ടെർമിനലുകളായി വികസിപ്പിക്കാൻ തീരുമാനമായത്. പേരുമാറ്റം സംബന്ധിച്ച് ഡിസംബർ ആദ്യം തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു.