riyas

ശിവഗിരി: എല്ലാ മേഖലകളിലും ഇടതുപക്ഷ ബദൽ കൊണ്ടുവരാൻ കേരളത്തിലെ സർക്കാരിന് കഴിഞ്ഞെന്നും എന്നാൽ,​ സംസ്ഥാനത്തെ മോശമാക്കി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ കൃഷി,​ കൈത്തൊഴിൽ,​ വ്യവസായം,​ ടൂറിസം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പുതുവർഷത്തിൽ ലോകത്തിന് നൽകാവുന്ന ഏറ്റവും വലിയ സന്ദേശം ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളാണ്. മനുഷ്യനെ മനുഷ്യനായി കാണാനാണ് അദ്ദേഹം പഠിപ്പിച്ചത്. അത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണ് അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരവ്. ഗുരു ഉദ്ബോധിപ്പിച്ച നരനും നരനും തമ്മിലുള്ള സാഹോദര്യം ലോകമെങ്ങും പരത്തണമെന്നും മന്ത്രി പറഞ്ഞു.


കേരളം ഏറ്റവും കൂടുതൽ കടമുള്ള സംസ്ഥാനമാണെന്നാണ് വ്യാജപ്രചാരണം. എന്നാൽ 6.92 ലക്ഷം കോടിയുടെ കടവുമായി ഒന്നാമത് നിൽക്കുന്ന ഉത്തർപ്രദേശിനെയും പിന്നാലെ വരുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളെയും കുറിച്ച് ആരും സംസാരിക്കുന്നില്ല.

കാർഷികമേഖലയിൽ കേരള മോഡൽ കൊണ്ടുവരാൻ സർക്കാരിനായി. കൃഷിക്കാർക്ക് മികച്ച സംവിധാനങ്ങൾ ഒരുക്കി നൽകി.

പോഷക സമൃദ്ധി മിഷൻ,​ കൃഷിക്കൂട്ടങ്ങൾ,​ കാബ്കോ എന്നിവയെല്ലാം കാർഷിക മേഖലയ്ക്കായി സർക്കാർ കൊണ്ടുവന്ന പദ്ധതികളാണ്. വ്യാവസായിക രംഗത്തും കേരളം മുന്നേറുകയാണ്. ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്ത സംരംഭങ്ങളുടെ എണ്ണം രണ്ടുലക്ഷം കഴി‍‌ഞ്ഞു. ഇതിലൂടെ 12,​300 കോടിയുടെ വരുമാനം ലഭിച്ചു. വനിതകളും സംരംഭക രംഗത്തേക്ക് കടന്നുവരുന്നുണ്ട്. ഐ.ടി കമ്പനികൾ വഴിയും തൊഴിലവസരങ്ങൾ ഉണ്ടാക്കാനായി. വിദ്യാഭ്യാസം,​ ആരോഗ്യം അടക്കമുള്ള മേഖലകളിലും മികച്ച മുന്നേറ്റമാണ് കേരളം നടത്തിയതെന്നും മന്ത്രി അവകാശപ്പെട്ടു.