
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് കളി അതിര് വിട്ടെന്നും തന്നെപറ്റിയുള്ള കെ. സുധാകരന്റെ പ്രതികരണം തെറ്റിദ്ധാരണാജനകമാണെന്നും മുതിർന്ന നേതാവ് വി.എം. സുധീരൻ. പാർട്ടിയിൽ നിന്ന് രാജിവച്ചെന്ന് സുധാകരനോട് പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് വസ്തുതാ വിരുദ്ധമാണ്. കെ.സുധാകരനും വി.ഡി സതീശനുമടങ്ങിയ പുതിയ നേതൃത്വത്തെ ആദ്യം സ്വാഗതം ചെയ്തയാളാണ് താൻ. വി.ഡീ സതീശനും കെ.സുധാകരനും ഗ്രൂപ്പ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.
ഗ്രൂപ്പ് നോക്കാതെ സ്ഥാനാർഥികളെ നിർത്തിയിരുന്നെങ്കിൽ 2016 ൽ തോൽക്കില്ലായിരുന്നു. കഴിവ് നോക്കാതെയാണ് സ്ഥാനാർഥികളെ നിർത്തിയത്. അതിൽ ഞാൻ ദുഃഖിതനായിരുന്നു. സ്ഥാനങ്ങൾ നിശ്ചയിക്കുമ്പോൾ അർഹനാണോ അല്ലയോ എന്ന് ചർച്ച ചെയ്യണമെന്ന് പറഞ്ഞു. ഡി.സി. സി പ്രസിഡന്റുമാരെ നിയമിച്ച രീതി ശരിയല്ലെന്ന് സുധാകരനോട് പറഞ്ഞു. ഈ ശൈലി സംഘടനയ്‌ക്ക് ചേരാത്തതിനാൽ ഹൈക്കമാൻഡിനു കത്തെഴുതി. ഒരു നടപടിയും ഉണ്ടായില്ല. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് രാഹുൽ ഗാന്ധിയും ഉറപ്പ് നൽകി.
രണ്ട് വർഷമായിട്ടും ഒന്നും പരിഹരിച്ചില്ല. ഗ്രൂപ്പ് കളി അതിര് വിട്ടു. രണ്ട് ഗ്രൂപ്പ് അഞ്ച് ഗ്രൂപ്പായി. ഗ്രൂപ്പിനുള്ളിൽ ഉപഗ്രൂപ്പും വന്നു. ഇതോടെയാണ് കെ.പി.സി.സി പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചത്. മറ്റ് പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. കെ.സുധാകരൻ പലതും തിരുത്തിയിട്ടുണ്ട്. തനിക്കെതിരെ പറഞ്ഞതും അദ്ദേഹം തിരുത്തും. തനിക്ക് സുധാകരൻ മറുപടി പറയേണ്ടത് കെ.പി.സി.സി യോഗത്തിലായിരുന്നു. പാർട്ടി യോഗത്തിൽ പറഞ്ഞത് താൻ പുറത്ത് പറഞ്ഞില്ല.
ഐ.സി.സി നിരീക്ഷകയും ഔചിത്യക്കുറവ് കാട്ടി. താൻ ജനിച്ചത് കോൺഗ്രസുകാരനായാണ്. വിയോജിക്കുന്നവരെ അവഗണിക്കുന്നത് ശരിയല്ല. കോൺഗ്രസിന് സാമ്പത്തിക നയവും മതേതര കാഴ്ചപ്പാടും കൈമോശം വന്നതായും സുധീരൻ പറഞ്ഞു.