sivagiri

ശിവഗിരി: വ്യവസായ സാദ്ധ്യതകൾ എല്ലായിടത്തും തുറന്നു കിടക്കുകയാണെന്നും അത് ഉപയോഗിക്കുകയുമാണ് വേണ്ടതെന്നും എ.വി.എ ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ഡോ.എ.വി.അനൂപ് പറഞ്ഞ‍ു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൃഷി,​ കൈത്തൊഴിൽ,​ വ്യവസായം,​ ടൂറിസം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവാലയങ്ങൾക്ക് സമീപം വ്യവസായശാലകൾ തുടങ്ങണമെന്നും വ്യവസായ ശാലകളിൽ ദേവാലയങ്ങൾ സ്ഥാപിക്കരുതെന്നുമാണ് ഗുരുദേവൻ പറഞ്ഞത്. മനുഷ്യനെ മനുഷ്യനായി കണ്ട് പ്രവർത്തിച്ചാൽ വളർച്ച സാദ്ധ്യമാകും. കൊവിഡ് കാലം തന്നെ സംബന്ധിച്ചിടത്തോളം പുതിയ ബിസിനസ് സാദ്ധ്യകളാണ് തുറന്നു തന്നത്. എടുത്ത പല തീരുമാനങ്ങളും മാറ്റിയതും അപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.

ശിഖ സുരേന്ദ്രൻ
ഏതൊരു സംസ്ഥാനത്തിന്റെയും വികസനത്തിന്റെ ചാലകശക്തികളിൽ ഒന്ന് ടൂറിസം മേഖലയാണെന്ന് കെ.റ്റി.ഡി.സി എം.ഡി ശിഖ സുരേന്ദ്രൻ പറഞ്ഞു.രാജ്യത്ത് ആദ്യമായി കേരളത്തിൽ ആരംഭിച്ച ഉത്തരവാദിത്വ ടൂറിസം മിഷൻ വഴി സ്ത്രീകൾക്കടക്കം വരുമാനം ഉണ്ടാക്കി നൽകാൻ കഴിഞ്ഞിട്ടുണ്ട്. 23,​786 യൂണിറ്റുകളിൽ 16,​680ഉം സ്ത്രീകളടെ യൂണിറ്റുകളാണ്. ഇതിലൂടെ 1.30 ലക്ഷം കുടുംബങ്ങൾക്കാണ് വരുമാനം ലഭിക്കുന്നതെന്നും ശിഖ പറഞ്ഞു.

ജ്യോതിസ് മോഹൻ
സംസ്ഥാനത്ത് വ്യവസായമടക്കമുള്ള മറ്റ് മേഖലകൾക്ക് കൂടുതൽ മെച്ചപ്പെട്ട പ്രോത്സാഹനം നൽകേണ്ടതുണ്ടെന്ന് ഇൻകംടാക്സ് ജോയിന്റ് കമ്മിഷണർ ജ്യോതിസ് മോഹൻ പറഞ്ഞു. കേരളത്തിലെ ജനങ്ങളിൽ 75 ശതമാനവും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.. പരമ്പരാഗത കൈത്തൊഴിലിനെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞ‍ു.