sivagiri

ശിവഗിരി: ഭക്തജന സഞ്ചയത്തിന്റെ അകമ്പടിയിൽ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചു നടന്ന തീർത്ഥാടന ഘോഷയാത്ര ഗുരുപ്രഭയിൽ വിളങ്ങി. വെളുപ്പിന് 5 മണിയോടെ മഹാസമാധി സന്നിധിയിൽ നിന്ന് ഗുരുദേവറിക്ഷ സന്യാസിശ്രേഷ്ഠരുടെ അകമ്പടിയോടെ ശിവഗിരി കുന്നിറങ്ങിയതോടെയാണ് ഘോഷയാത്ര തുടങ്ങിയത്. ശാരദാമഠത്തിനു അഭിമുഖമായി ഗുരുറിക്ഷ റോഡിലെത്തിയപ്പോൾ ആരതിയോടെ സ്വീകരിച്ചു. തീർത്ഥാടകർ കൂപ്പുകൈകളോടെ ധ്യാനനിമഗ്നരായി. ഗുരുദേവറിക്ഷയ്ക്ക് പിന്നിലായി പീതാംബരധാരികളായ തീർത്ഥാടകർ അണിനിരന്നതോടെ ശിവഗിരി പ്രാന്തങ്ങളെ ഭക്തിസാന്ദ്രമാക്കി ഘോഷയാത്ര നഗരപ്രയാണമാരംഭിച്ചു. ഗുരുമന്ത്റജപത്തോടെ സാവധാനം നീങ്ങിയ ഘോഷയാത്ര നഗരവീഥികളെയും ഭക്തിനിർഭരമാക്കി.

വഴിയോരങ്ങളിൽ തിങ്ങിനിറഞ്ഞ ഭക്തജനങ്ങൾ നാമജപങ്ങളോടെ ഗുരുറിക്ഷയ്ക്ക് പ്രണാമമർപ്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു കഴിഞ്ഞ ദിവസങ്ങളിൽ ശിവഗിരിയിലെത്തിയ പദയാത്രാസംഘങ്ങളും, മഞ്ഞക്കുട ചൂടിയ വനിതാസംഘങ്ങളും താലമേന്തിയ നഴ്സിംഗ് വിദ്യാർത്ഥികളും പദയാത്രാസംഘങ്ങൾക്കൊപ്പം അണിനിരന്നു. ഗുരുദേവ രഥത്തിന് വർണ്ണാഭമേകി പതിനായിരങ്ങൾ അണിനിരന്നതോടെ ഘോഷയാത്ര മഹാപ്രവാഹമായി.

നഗരകേന്ദ്രമായ മൈതാനം, റെയിൽവേ സ്റ്റേഷൻ വഴി മടങ്ങി മഹാസമാധി സന്നിധിയിലെത്തിയാണ് സമാപിച്ചത്. ഗുരുദേവറിക്ഷയ്ക്ക് പിന്നിലായി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ജോയിന്റ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അണിനിരന്നു. സ്വാമി വിശാലാനന്ദ, സ്വാമി ശിവനാരായണതീർത്ഥ, സ്വാമി സാന്ദ്രാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി വിരജാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി പ്രബോധതീർത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി ഹംസതീർത്ഥ തുടങ്ങിയ സന്യാസി ശ്രേഷ്ഠർ, ബ്രഹ്മചാരികൾ, തീർത്ഥാടനകമ്മിറ്റി ചെയർമാൻ കെ.ജി.ബാബുരാജ്, എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ, ഗുരുധർമ്മ പ്രചാരണസഭ പ്രവർത്തകർ തുടങ്ങിയവർ അനുഗമിച്ചു.