l

തിരുവനന്തപുരം: 'എന്നെ നോക്കുന്നവരുടെ കണ്ണുകളിൽ ആദ്യം സഹതാപമാണ് കണ്ടത്. ഇന്ന് അതിൽ മാറ്റം വന്നതിന് കാരണം ഈ ചിത്രങ്ങളാണ്'താൻ വരച്ച ചിത്രങ്ങളെ ചൂണ്ടികാട്ടി സന്ധ്യ പറഞ്ഞു. ഇരുകൈപ്പത്തികളും കാലുകളും ഇല്ലാതെയാണ് പനത്തുറ സ്വദേശി സന്ധ്യ ജനിച്ചത്. അഞ്ചുവയസുമുതൽ സന്ധ്യ വരയെ കൂടെക്കൂട്ടി. കൈമുട്ടുകൊണ്ട് മനസിൽ തെളിയുന്നത് കാൻവാസിലേക്ക് പകർത്തും. വരയ്ക്കാനുള്ള മകളുടെ കഴിവ് കണ്ട് അമ്മ രേഖയും അച്ഛൻ സന്തോഷ്കുമാറും പിന്തുണ നൽകി. കഴിഞ്ഞ അഞ്ചുവർഷമായി ചിത്രകാരൻ വിഴിഞ്ഞം സ്വദേശി എൻ.കെ. സുനുവിന് കീഴിലാണ് പഠനം. എപ്പോഴും പേനയും പേപ്പറും സന്ധ്യയുടെ ഒപ്പം കാണും. എക്കാലവും ചിത്രകാരിയായി ജീവിക്കാനാണ് ഇഷ്ടം. സ്കൂൾ ശാസ്ത്രമേളയിലും കലോത്സവത്തിലുമെല്ലാം ഇതിനോടകം ഈ പതിനഞ്ചുകാരി മികവ് തെളിയിച്ചു. ആദ്യമായി വരച്ച മുഖം നടൻ മധുവിന്റേതാണ്. മൂന്ന് ദിവസം കൊണ്ട് ചിത്രം പൂർത്തിയാക്കി അദ്ദേഹത്തിന്റെ നവതിക്ക് സമ്മാനിച്ചു. 'സന്ധ്യാസ് വേൾഡ് ' എന്ന യൂട്യുബ് ചാനലിന്റെ ഉടമകൂടിയാണ് സന്ധ്യ. വാഴമുട്ടം ഗവ.ഹൈസ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായ സന്ധ്യ പഠനത്തിലും ഒന്നാമതാണ്. ആദ്യം മാതാപിതാക്കൾ എടുത്തുകൊണ്ട് നടന്നു. ഇപ്പോൾ വീൽചെയറിലാണ് യാത്ര. മൂന്നാം ക്ലാസുകാരി അഖിതയാണ് സഹോദരി.