കൊല്ലം: പുതുവത്സരം പ്രമാണിച്ച് അനധികൃത വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 59 ലിറ്റർ മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു. കൊല്ലം രാമൻകുളങ്ങര മുരിങ്ങിക്ക മുക്കിന് സമീപം കുമരിപ്പിച്ചഴികത്തു വീട്ടിൽ വാവ എന്ന ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്.
കൊല്ലം എക്‌സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ജി. ശ്രീകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്‌സൈസ് റേഞ്ച് സംഘന ശ്രീകുമാറിന്റെ വീട്ടിലെത്തി. ഈസമയം ബൈക്കിൽ വിൽപ്പനയ്ക്കായി മദ്യം കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു ശ്രീകുമാർ. ഉദ്യോഗസ്ഥരെ കണ്ട് ബൈക്കും മദ്യവും ഉപേക്ഷിച്ച് ശ്രീകുമാർ രക്ഷപ്പെട്ടു. ബൈക്കിൽ നിന്ന് അര ലിറ്ററിന്റെ 9 കുപ്പികളിൽ നിറച്ചിരുന്ന 4.5 ലിറ്റർ മദ്യം കണ്ടെത്തി. വീട്ടിൽ നിന്ന് അര ലിറ്ററിന്റെ പത്തു കുപ്പികളിൽ സൂക്ഷിച്ചിരുന്ന 5 ലിറ്റർ മദ്യവും കണ്ടെത്തി. തുടർന്ന് ശ്രീകുമാറിന്റെ ബന്ധു താമസിക്കുന്ന തൊട്ടടുത്തുള്ള വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 44.5 ലിറ്റർ മദ്യവും കണ്ടെടുത്തു.
കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വിനോദ് ശിവറാമിന്റെ നേതൃത്വത്തിൽ ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ജി. ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ബിനുലാൽ, വിഷ്ണുരാജ്, ജ്യോതി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്യാംകുമാർ, ജോജോ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രാജി, എക്‌സൈസ് ഡ്രൈവർ വിശ്വനാഥൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.