
തിരുവനന്തപുരം: ഗവ.ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കിടെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. തൈക്കാട് വലിയശാല കാവിൽ കടവ് തോപ്പിൽ വീട്ടിൽ വിനോദ് കുമാറിനെ(59) ആണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് തമ്പാനൂർ പൊലീസാണ് ഇയാളെ പിടികൂടി വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയ ഉടൻ പ്രകോപനം കൂടാതെ ഇയാൾ അക്രമാസക്തനായി. ജീവനക്കാർക്ക് നേരെ തിരിഞ്ഞ ഇയാൾ വിലങ്ങണിഞ്ഞ കൈകൾ കൊണ്ട് ഒ.പി.രജിസ്ട്രേഷൻ കൗണ്ടറിന്റെ ഗ്ലാസ് ചില്ലുകൾ അടിച്ച് തകർത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ആയിരുന്നു സംഭവം. ഫോർട്ട്പൊലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ച് ഇയാളെ കീഴ്‌പ്പെടുത്തി. പൊതുമുതൽ നശിപ്പിച്ചതിനും ആശുപത്രി സംരക്ഷണ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്യപിച്ച് ബഹളമുണ്ടാക്കിയതടക്കം ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ ഷിബു. വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.