തൊടുപുഴ: എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി. കാരിക്കോട് ഉണ്ടപ്ലാവ് സ്വദേശി ചീങ്കല്ലേൽ വീട്ടിൽ സി.ജെ. അർഷിദ് (32), ഏഴല്ലൂർ പഴുപ്ലാക്കൽ വീട്ടിൽ അനീഷ് ജോസഫ് (34) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് 11 ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും ഇവ തൂക്കി വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരി വസ്തുക്കളുടെ ഇടപാട് നടക്കുമെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് തൊടുപുഴയ്ക്ക് സമീപം ഉണ്ടപ്ലാവിൽ കാർ തടഞ്ഞ് നിർത്തി അർഷാദിനെ ആദ്യം പിടികൂടിയത്. കാറിനുള്ളിൽ നിന്ന് 11 ഗ്രാം എം.ഡി.എം.എ., അഞ്ച് ഗ്രാം കഞ്ചാവ്, ഇവ ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനുമുള്ള ഉപകരണങ്ങൾ, ലഹരി വിറ്റതിലൂടെ ലഭിച്ച പണം, എ.ടി.എം കാർഡുകൾ തുടങ്ങിയവ പിടിച്ചെടുത്തു. അർഷിദിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂട്ടാളിയായ ഏഴല്ലൂർ സ്വദേശി അനീഷും പൊലീസിന്റെ പിടിയിലായത്. പ്രതികൾ ഏതാനും നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്ന് തൊടുപുഴ സി.ഐ സുമേഷ് സുധാകർ പറഞ്ഞു. കോളേജ് വിദ്യാർത്ഥികൾക്കാണ് പ്രധാനമായും ഇരുവരും ലഹരി വസ്തുക്കൾ വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് ലഹരി എത്തിച്ച് നൽകിയിരുന്നവരെയും ഇവരിൽ നിന്ന് ലഹരി വാങ്ങിയിരുന്നവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ അവരെയും പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും തൊടുപുഴ പൊലീസിന്റെ സ്പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ലഹരി വിൽപനയുമായി ബന്ധപ്പെട്ട് വാഴക്കുളം പൊലീസ് സ്റ്റേഷനിൽ അർഷിദിനെതിരെ കേസ് നിലവിലുണ്ട്.