
ശിവഗിരി: മനുഷ്യത്വത്തിന്റെ ആഗോളതലത്തിലുള്ള പ്രതീകമാണ് ശ്രീനാരായണ ഗുരുദേവനെന്ന് മന്ത്രി വീണാ ജോർജ്. മാനവരാശിക്ക് അറിവിന്റെയും പുരോഗതിയുടെയും വെളിച്ചം പകർന്ന മഹാഗുരുവാണ് ശ്രീനാരായണഗുരുവെന്നും അവർ ചൂണ്ടിക്കാട്ടി.
91-ാമത് ശിവഗിരി തീർത്ഥാടക സമ്മേളനത്തിലെ തമിഴ്, കർണാടക ദേശങ്ങളിൽ നിന്നുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഗുരുചര്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വർത്തമാനകാല വെല്ലുവിളികൾ നേരിടാനുള്ള ഉപദേശ നിർദ്ദേശങ്ങളാണ് എത്രയോ കാലം മുമ്പേ ഗുരുദേവൻ നമുക്ക് പകർന്നു തന്നത്. അദ്ദേഹത്തിന്റെ ഓരോ വാക്കും ഓരോ കാഴ്ചപ്പാടായിരുന്നു. വ്യക്തിയുടെ മനസിന്റെ ശുദ്ധീകരണവും സമൂഹത്തിന്റെ ശുദ്ധീകരണവുമെങ്ങനെയായിരിക്കണമെന്ന് ഗുരു പഠിപ്പിച്ചു. അദ്ദേഹം മാറ്റിക്കളഞ്ഞതിനെ തിരികെ കൊണ്ടുവരേണ്ടതില്ല. ഗുരു കാട്ടിയ പാതയിലൂടെ മുന്നേറാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷത വഹിച്ചു.കർണാടക എം.എൽ.എ ബി.കെ ഹരിപ്രസാദ്, വാഴൂർ സോമൻ എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ, ഗാന്ധിഗ്രാം സർവകലാശാല സീനിയർ പ്രൊഫസർ ഡോ.എ.ആനന്ദ്കുമാർ, കർണാടക വില്ലവ അസോസിയേഷൻ വൈസ് പ്രസിഡന്റ് രാജാ.വി സാല്യൻ, ഗുരുധർമ്മപ്രചരണ സഭ തമിഴ്നാട് സെക്രട്ടറി അഡ്വ.എൻ.ഇളങ്കോ,ഗോവ ഗുരുധർമ്മപ്രചരണ സഭ മുൻ പ്രസിഡന്റ് കെ.ആർ.ശശിധരൻ, കർണാടക ഗുരുധർമ്മപ്രചരണ സഭപ്രസിഡന്റ് കെ.സി ബിജു എന്നിവർ പ്രസംഗിച്ചു.
സ്വാമി സത്യാനന്ദതീർത്ഥ സ്വാഗതവും സ്വാമി വീരേശ്വരാനന്ദ നന്ദിയും പറഞ്ഞു.