തിരുവനന്തപുരം: നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട വിവിധ റോഡുകളുടെ നിലവാരമുയർത്തുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് . വഴുതയ്ക്കാട്-തൈക്കാട് റോഡിന്റെ നിർമ്മാണപ്രവൃത്തി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡിന്റെ ചുമതലയിലുള്ള 38 റോഡുകളുടെ പ്രവർത്തനമാണ് പൂർത്തീകരിച്ചുവരുന്നത്. മാനവീയം വീഥി, കലാഭവൻ മണി റോഡ് എന്നിവയുടെ നവീകരണം പൂർത്തിയായി. ആൽത്തറ - ചെന്തിട്ട റോഡ് സൈക്കിൾ പാത അടക്കം ഉൾപ്പെടുത്തി പൂർത്തീകരിക്കും. 2024 ഏപ്രിലോടെ നിർമ്മാണപ്രവ‌‌ർത്തനങ്ങളെല്ലാം പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട റോഡിന്റെ പ്രവൃത്തികൾ മറ്റൊരു ഏജൻസിക്കാണ് ആദ്യം നൽകിയത്. എന്നാൽ സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കാൻ അവർക്ക് സാധിച്ചില്ല. അതിനാൽ സർക്കാർ ഇടപെട്ട് അവരെ ഒഴിവാക്കിയെന്നും മന്ത്രി പറഞ്ഞു.

. കുടിവെള്ള പൈപ്പ് ലൈനുകൾക്കായി റോഡുകൾ പൊളിക്കുന്ന സാഹചര്യത്തിൽ റോഡ് പൂർവസ്ഥിതിയിലാക്കുന്നതിനുള്ള ചുമതല ബന്ധപ്പെട്ട വകുപ്പുകൾക്കുണ്ടാകുമെന്നുംമന്ത്രി പറഞ്ഞു.

കേരള റോഡ് ഫണ്ട് ബോർഡ് സി.ഇ.ഒ എം. അശോക് കുമാർ, പ്രോജക്ട് എൻജിനിയർ കെ. ജയപാലൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.