d

തിരുവനന്തപുരം: സപ്‌തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരിക്കെതിരെ ചെമ്പഴന്തി എസ്.എൻ കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ ജ്വാല തെളിച്ചു. ലഹരിക്കെതിരെ യുവദീപങ്ങൾ എന്ന സന്ദേശവുമായാണ് നൂറോളം എൻ.എസ്.എസ് വോളന്റിയർമാരും പൗരപ്രമുഖരും ചെമ്പഴന്തി ജംഗ്ഷനിൽ ജ്വാല തെളിച്ചത്.
വിദ്യാർത്ഥികൾ നാടിന് വഴികാട്ടേണ്ട യുവദീപങ്ങൾ കൂടിയാണെന്ന് എസ്.എൻ ട്രസ്റ്റ് എക്‌സിക്യുട്ടീവ് അംഗം ഡി.പ്രേംരാജ് പറഞ്ഞു. വായനയോടും പഠനത്തോടുള്ള അഭിനിവേശം വർദ്ധിപ്പിച്ച് നാടിന്റെ വികസനത്തിന് മുതൽ കൂട്ടാകാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എ.എസ്. രാഖി ചൂണ്ടിക്കാട്ടി. ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ ശശി കെ.വെട്ടൂർ, മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ, അദ്ധ്യാപകർ, അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.പ്രീതാരാജ്, ടി.അഭിലാഷ്, വോളന്റിയർമാർ സെക്രട്ടറിമാരായ അഗ്രിമ ശ്യം, സി.എസ്.നന്ദകിഷേർ തുടങ്ങിയവർ നേതൃത്വം നൽകി.