
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിലെ വിവാദമായ സ്ഥലംമാറ്റം മരവിപ്പിച്ചതിനു പിന്നാലെ സ്ഥലംമാറ്റം ഒഴിവാക്കി സ്ഥാനക്കയറ്റം മാത്രം നൽകി പുതിയ ഉത്തരവിറക്കി. വിവിധ പദവികളിലുള്ള 18 ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റവും 57 പേരുടെ സ്ഥലംമാറ്റവുമായിരുന്നു ആദ്യ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ പല പദവികളിലുള്ള 18 പേരുടെ സ്ഥാനക്കയറ്റം മാത്രമാണ് പുതിയ പട്ടികയിലുള്ളത്. ഇവർക്ക് പോസ്റ്റിംഗ് നൽകിയിട്ടില്ല. പുതിയ സ്ഥലം മാറ്റപട്ടിക ജനുവരി മൂന്നിനു ശേഷം തയ്യാറാകുമെന്നാണ് സൂചന
കെ.ബി ഗണേശ്കുമാർ ഗതാഗത മന്ത്രിയായി സ്ഥാനമേൽക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പാണ് സ്ഥലംമാറ്റപട്ടിക ഇറങ്ങിയത്. അധികാരമേറ്റയുടൻ ഗണേശ്‌കുമാർ ഈ പട്ടിക മരവിപ്പിച്ചു. ചിലരുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടായിരുന്നത് കൊണ്ടാണ് ആദ്യഉത്തരവ് മരവിപ്പിച്ചതെന്നാണ് ഗതാഗത കമ്മിഷണറേറ്റ് ഇപ്പോൾ വിശദീകരിക്കുന്നത്.
29 ന് വൈകിട്ട് നാലിനാണ് കെ.ബി ഗണേശ്‌കുമാർ സ്ഥാനമേറ്റത്. ആന്റണി രാജു സ്ഥാനമൊഴിഞ്ഞത് ഡിസംബർ 24നും. മന്ത്രി രാജിവയ്ക്കുന്നതിന് മുമ്പേ തയാറാക്കിയ പട്ടികയാണ് ഉദ്യോഗസ്ഥർ നടപ്പാക്കിയതെന്നായിരുന്നു എം.വി.ഡിയുടെ വിശദീകരണം. അതേ സമയം ആന്റണി രാജു ഇക്കാര്യം നിഷേധിക്കുന്നുണ്ട്. ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മാത്രമേ മന്ത്രി അറിയേണ്ടതുള്ളൂവെന്നും അതിന് താഴെയുള്ളവരുടെ കാര്യം തീരുമാനിക്കുന്നത് ഗതാഗത കമ്മിഷണറേറ്റാണെന്നുമാണ് ആന്റണി രാജുവിന്റെ നിലപാട്.