
ചാത്തന്നൂർ: അയൽവീട്ടിലെ പശുവിനെ മോഷ്ടിച്ച് വീട്ടിൽ കൊണ്ടുവന്ന് കൊന്ന് ഇറച്ചി കറിവെച്ച് തിന്ന കേസിലെ പ്രതി പിടിയിൽ. നെടുങ്ങോലം പോളച്ചിറ തെങ്ങുവിള തൊടിയിൽ വീട്ടിൽ ജയകൃഷ്ണനെയാണ് (26) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
അയൽവാസിയായ പോളച്ചിറ പൊന്നൂസ് ബിൽഡിംഗ്സിൽ ജയപ്രസാദിന്റെ, രണ്ട് വയസും 200 കിലോയും 75,000 രൂപയും വരുന്ന സങ്കരയിനം പശുവിനെയാണ് മോഷ്ടിച്ചത്. വീട്ടിൽ കെട്ടിയിരുന്ന രണ്ട് പശുക്കളിൽ ഒന്നിനെയാണ് രാത്രി ജയകൃഷ്ണൻ മോഷ്ടിച്ച് സ്വന്തം വീട്ടിലെത്തിച്ച് അടുക്കളയിലെ ജനൽ കമ്പികളിൽ കെട്ടിയിട്ടു ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും വെട്ടിയും കൊന്നത്. തുടർന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മുൻകാലുകളിൽ ഒന്നിൽ നിന്നും മാംസം വെട്ടിയെടുത്തു കറിവച്ച് കഴിച്ചു. ബാക്കി ഭാഗങ്ങൾ വീട്ടിൽത്തന്നെ സൂക്ഷിക്കുകയും ചെയ്തു. ജയകൃഷ്ണൻ രാവിലെ സുഹൃത്തിനെ ഫോണിൽ വിളിച്ച് പന്നിയിറച്ചി ഉണ്ടെന്നും വന്നാൽ നൽകാം എന്നും പറഞ്ഞു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ സുഹൃത്ത് കണ്ടത് പശുവിന്റെ മാംസ ഭാഗങ്ങളായിരുന്നു. ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. രാവിലെ പശുവിനെ കാണാതായതിനെ തുടർന്ന് ഉടമസ്ഥനും നാട്ടുകാരും ചേർന്ന് കാൽപ്പാടുകൾ പിന്തുടർന്ന് എത്തിയത് ജയകൃഷ്ണന്റെ വീട്ടിലായിരുന്നു. വന്നവർ അടുക്കള വാതിലിൽക്കൂടി ഉള്ളിലേക്ക് നോക്കിയപ്പോളാണ് പശുവിന്റെ മൃതദേഹം കണ്ടത്. ഈ സമയം ഇയാളുടെ ഭാര്യയും മൂന്നു മാസം പ്രായമുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്നു.
തുടർന്ന് ഉടമ പോലീസിൽ പരാതി നൽകി. പരവൂർ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഭാര്യയുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. പരവൂർ സി.ഐ എ. നിസാർ, എസ്.ഐ. സി.വി.വിജയകുമാ , എസ്.സി.പി.ഒ നെൽസൺ, സയന്റിഫിക് ഓഫീസർ രാഹുൽ രാജ് എന്നിവർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി . പരവൂർ മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി ഡോക്ടർ സാബു സേവ്യർ, ചിറക്കര മൃഗാശുപത്രിലെ ഡോ. ബിനി രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പശുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കരിച്ചു.