
ശിവഗിരി: ലോകത്തെ സർവപ്രശ്നങ്ങളും പരിഹരിച്ച് സമാധാനം സ്ഥാപിക്കാനുള്ള ഏകമാർഗം ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ 'ഗുരുചര്യ- തമിഴ്, കർണാടക ദേശങ്ങളിൽ" എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഗുരു വിശ്വമാനവികതയുടെ പ്രതീകമാണ്. ഗുരുവിന്റെ ദർശനങ്ങൾ പിന്തുടരുന്ന ഒരിടത്തും ജാതി, മത വർഗീയ സംഘർഷങ്ങൾ ഒന്നും ഉണ്ടാകാറില്ല. ഗുരുവിന്റെ ദർശനങ്ങൾ കാലാതീതമായി എല്ലാവരും തിരിച്ചറിയുന്നുണ്ട്. അതിൽ ഗുരുവിനെക്കുറിച്ച് അറിയുന്നവരും അറിയാത്തവരുമുണ്ട്. ലോകജതനയുടെ ഹൃദയത്തിലേക്ക് ചേക്കേറിയ ഒരേയൊരു ഗുരുവേയുള്ളൂ. അത് ശ്രീനാരായണ ഗുരുവാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.