പോത്തൻകോട്: വീട്ടിലെ സിറ്റൗട്ടിൽ ഇരുന്ന വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. മൈപറമ്പ് നവനീതത്തിൽ രാജാമണിയെയാണ് (55) പന്നി ആക്രമിച്ചത്. വീട്ടമ്മയെ ആക്രമിച്ച് അവർ ഇരുന്ന കസേര കുത്തി മറിച്ചിട്ടു. വീട്ടമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസിയും സഹോദരനുമായ പോത്തൻകോട് പ്ലാമൂട് മൈപ്പറമ്പ് അഞ്ജലി ഭവനിൽ രാധാകൃഷ്ണൻ നായരെയും (53) പന്നി കുത്തിപരിക്കേൽപ്പിച്ചു. ഓട്ടോത്താെഴിലാളിയായ രാധാകൃഷ്ണൻ നായരുടെ കാലിനാണ് കുത്തേറ്റത്. പന്നിയുടെ ആക്രമണത്തിൽ ദൂരെയ്ക്ക് തെറിച്ചു വീണ രാധാകൃഷ്ണന്റെ കാൽമുട്ടിനും സാരമായ പരിക്കുണ്ട്. കന്യാകുളങ്ങര കുടുംബാരോഗ്യകേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇയാളെ പ്രവേശിപ്പിച്ചു.
മറ്റൊരു സംഭവത്തിൽ അയിരൂപ്പാറ ചാരുംമൂട്ടിൽ കാട്ടുപന്നി ബൈക്കിൽ മുന്നിൽ ചാടി ഇതേ ബൈക്കിടിച്ച് ചത്തു. അപകടത്തിൽ ബൈക്കോടിച്ചിരുന്ന യുവാവിനും ഗുരുതര പരിക്കേറ്റു.
ശനിയാഴ്ച രാത്രി 11.30ന് ചാരുംമൂട് ജംഗ്ഷനിലായിരുന്നു സംഭവം. ബൈക്കിടിച്ച് തെറിച്ചുവീണ് ഒരു മണിക്കൂർ കഴിഞ്ഞാണ് കാട്ടുപന്നി ചത്തത്. അയിരൂപ്പാറ ഭാഗത്ത് നിന്ന് ബൈക്കിൽ വന്ന ഭഗവതിപുരം തുളസി ഭവനിൽ അഭിമന്യുവിനാണ് (28) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം സ്വകാര്യാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോത്തൻകോട് പൊലീസും പാലോട് നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോത്തൻകോട് പഞ്ചായത്തിലെ പ്ലാമൂട്,മേലേവിള,അയിരൂപ്പാറ വാർഡുകളിലും നഗരസഭയുടെ കാട്ടായിക്കോണം,ഞാണ്ടൂർക്കോണം വാർഡുകളിലും സന്ധ്യ മുതൽ പ്രഭാതം വരെ കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണ്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.