വിഴിഞ്ഞം: പാച്ചല്ലൂർ വണ്ടിത്തടത്ത് യുവതി തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികൾ ഒളിവിൽ. പ്രതികൾക്ക് അന്വേഷണ വിവരങ്ങൾ ചോർത്തി നൽകിയ ഇവരുടെ അകന്ന ബന്ധുവായ പൊലീസ് ഉദ്യോഗസ്‌ഥനെതിരെ മേലുദ്യോഗസ്‌ഥർക്ക് അന്വേഷണ സംഘം റിപ്പോർട്ട് നൽകി. ഇയാൾക്കെതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കും. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.വണ്ടിത്തടം ക്രൈസ്‌റ്റ് നഗർ റോഡിൽ വാറുവിള പുത്തൻ വീട് ഷഹ്‌ന മൻസിലിൽ ഷഹ്‌ന (23) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ്,ഭർത്തൃമാതാവ് എന്നിവരാണ് പ്രതികൾ. ഭർത്താവ് കാട്ടാക്കട സ്വദേശി നൗഫൽ (27), ഭർത്തൃമാതാവ് സുനിത (47) എന്നിവരുടെ ഫോണുകളും വാഹനവും നൗഫലിന്റെ സഹോദര ഭാര്യയുടെ കടയ്ക്കലുള്ള വീട്ടിൽ നിന്ന് പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ്. 26 ന് വൈകിട്ട് സ്വന്തം വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു യുവതിയെ . ഭർത്തൃ വീട്ടുകാരുടെ ശാരീരിക-മാനസിക പീഡനമെന്ന് മരണത്തിന് ഹേതുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.