
ആറ്റിങ്ങൽ: ബൈപ്പാസ് നിർമ്മാണ കമ്പനിയിലെ വാഹനങ്ങളിൽ ഡീസൽ ചോർത്തി വിറ്റ സംഭവത്തിൽ രണ്ട് ജീവനക്കാരും സഹായിയും ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായി. യാർഡിലെ ജീവനക്കാരായ വാമനപുരം കാരേറ്റ് വാഴപ്പള്ളിക്കോണം റാംനിവാസിൽ രാംരാജ് (37), ഇടയ്ക്കൊട് കല്ലുംമൂട് താന്നിമൂട് വീട്ടിൽ നിന്ന് മുദാക്കൽ ചെമ്പൂര് കുന്നത്താംകോണം ബിജു മന്ദിരത്തിൽ താമസിക്കുന്ന ബിജു (46), ഡീസൽ വിൽക്കാൻ സഹായിച്ച കാര്യവട്ടം ശ്രീശാസ്താ റോഡിൽ ഗോകുലം വീട്ടിൽ അരുൺ ഗോപിനാഥ് (27) എന്നിവരാണ് അറസ്റ്റിലായത്.
ബൈപ്പാസ് നിർമ്മാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ടിന്റെ മാമത്തുള്ള യാർഡിൽ പാർക്ക് ചെയ്‌തിരുന്ന കമ്പനി വക മൂന്ന് ലോറുകളിൽ നിന്ന് 11,790 രൂപ വില വരുന്ന 280 ലിറ്ററോളം ഡീസൽ കഴിഞ്ഞ 29ന് രാത്രിയിൽ മോഷണം പോയിരുന്നു. നേരത്തെയും ഡീസൽ മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കമ്പനി ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നതിനിടെയാണ് വീണ്ടും മോഷണമുണ്ടായത്. യാർഡിലെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. പ്രതികളെ റിമാൻഡ് ചെയ്‌തു.