കൊല്ലം: വള്ളം തകർന്ന് തിരയിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപെടുത്തി. തിരുവനന്തപുരം പൊഴിയൂർ സ്വദേശികളായ ആൻഡ്രൂസ്, രാജു, ശെൽവരാജ്, ഗബ്രിയേൽ, ജസ്റ്റസ് എന്നിവരെയാണ് രക്ഷിച്ചത്.

ഇന്നലെ പുലർച്ചെ മൂന്നേമുക്കാലോടെ നീണ്ടകരയിൽ നിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെ ആൻഡ്രൂസിന്റെ ഉടമസ്ഥതയിലുള്ള മോസസ് എന്ന പ്ലൈവുഡ് വള്ളമാണ് ശക്തമായ കാറ്റിലും തിരയിലും പെട്ടത്. മറ്റ് വള്ളങ്ങളിലെ തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് നീണ്ടകരയിൽ നിന്നുള്ള മറൈൻ എൻഫോഴ്സ്മെന്റ് സംഘം എത്തുമ്പോഴേക്കും മോസസ് വള്ളം ഭാഗികമായി തകർന്നിരുന്നു. തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടിലും മറ്റൊരു വള്ളത്തിലുമായി ഇവരെ ഇന്നലെ വൈകിട്ടോടെ നീണ്ടകരയിലെത്തിച്ചു. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വീടുകളിലേക്ക് മടങ്ങി.