തിരുവനന്തപുരം: മനം നിറഞ്ഞ് ആട്ടവും പാട്ടുമായി പുതുവത്സരമാഘോഷിച്ച് തലസ്ഥാനം. വിവിധ സ്ഥലങ്ങളിലെ ആഘോഷങ്ങൾ വൈകിട്ട് ആറോടെ ആരംഭിച്ചു. ഹോട്ടലുകളിൽ പ്രത്യേക ഡി.ജെ പാർട്ടികൾ ഒരുക്കിയിരുന്നു. കോവളം ബീച്ചിലെ ആഘോഷങ്ങൾക്കായി അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും സഞ്ചാരികളെത്തിയിരുന്നു. ബീച്ചിലും ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആഹ്ളാദാരവങ്ങൾക്ക് നടുവിൽ പുതുവർഷത്തെ പതിനായിരങ്ങൾ സ്വാഗതം ചെയ്‌തു.
കനകക്കുന്നിലെ പുഷ്‌പോത്സവ വേദിയിൽ പുതുവർഷമാഘോഷിക്കാൻ തലസ്ഥാന ജനതയൊന്നാകെ ഒഴുകിയെത്തി. ഞായറാഴ്ചയായതിനാൽ ഇന്നലെ ഉച്ചമുതൽ തന്നെ കനകക്കുന്നും പരിസരവും ജനത്തിരക്കിലായിരുന്നു. വൈകിട്ടോടെ പുഷ്‌പോത്സവ വേദിയും സൂര്യകാന്തിയിലെ ഫുഡ്‌കോർട്ടും തിരക്കിലമർന്നു. വൈദ്യുത ദീപാലങ്കാരങ്ങൾ തെളിഞ്ഞതോടെ വെള്ളയമ്പലം മുതൽ മ്യൂസിയംവരെ ജനസമുദ്രമായി. ശംഖുംമുഖവും കോവളവും മാനവീയം വീഥിയുമെല്ലാം പുതുവർഷമാഘോഷിക്കാനെത്തിയവരുടെ തിരക്കിലമർന്നു.
കർശന നിരീക്ഷണവുമായി പൊലീസ്
തിരുവനന്തപുരത്തെ പുതുവത്സരാഘോഷങ്ങൾക്ക് പൊലീസിന്റെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. സിറ്റിയിലെ 18 പ്രധാന റോഡുകളിലും
വാഹന പരിശോധനയുണ്ടായിരുന്നു. പുറത്ത് നടക്കുന്ന ഡി.ജെ പാർട്ടികൾ 12.30ഓടെ നിറുത്താൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു.